തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള ഉപരിപഠനസാധ്യതകളും തൊഴിലവസരങ്ങളും വിശദമാക്കുന്ന മാതൃഭൂമി തൊഴിൽവാർത്ത ഉപരിപഠനം ഡയറക്ടറി-2021 പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പ്രകാശനം ചെയ്തു. പ്ലസ്ടു വിദ്യാർത്ഥിയും കഥാകൃത്തുമായ എ.ദേവദത്തൻ ആദ്യപ്രതി സ്വീകരിച്ചു. കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി ചെയർപേഴ്സൺ ഡോ.സൂര്യ തങ്കപ്പൻ ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ്-19 ഭീഷണിയെ അതിജീവിച്ച 10 കരിയർ മേഖലകളാണ് ഉപരിപഠനം ഡയറക്ടറി മുഖ്യവിഷയമായി അവതരിപ്പിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ആരോഗ്യരംഗത്തെ മെഡിസിൻ-നഴ്സിങ്ങ്-പാരാമെഡിക്കൽ പഠനസാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. ഓൺലൈൻ പഠനത്തിന് പ്രാമുഖ്യമേറിയതിനാൽ, പുതിയ ഓൺലൈൻ കോഴ്സുകളെക്കുറിച്ചും ഓൺലൈൻ പഠനം എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ലേഖനങ്ങളുണ്ട്.
ഇൻസ്റ്റിറ്റിയൂഷൻ ഫോക്കസ് വിഭാഗത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ സമഗ്രമായി അവതരിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് തിരഞ്ഞെടുക്കാവുന്ന ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി ഡുവൽ ഡിഗ്രി കോഴ്സുകളെക്കുറിച്ചുള്ള ലേഖനവും പെട്ടെന്നൊരു തൊഴിൽ നേടിയെടുക്കാൻ സഹായിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് കോഴ്സുകളുടെ സമ്പൂർണ്ണ വിവരങ്ങളും ഇത്തവണത്തെ മാതൃഭൂമി ഉപരിപഠനത്തിന്റെ പ്രത്യേകതകളാണ്. വില 200 രൂപ. മാതൃഭൂമി ഏജന്റുമാരിൽ നിന്നും പ്രമുഖ ബുക്ക്സ്റ്റാളുകളിൽ നിന്നും ലഭിക്കും.
Content Highlights:mathrubhumi higher educational directory released