രാജ്യത്തെ വാക്സിനേഷൻ ശരാശരി കണക്കുകൾ പ്രകാരം കേരത്തിൻ്റെ സ്ഥാനം 23മതാണെന്ന് റിപ്പോർട്ട് പറയുന്നു. കൊവിഡ് മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷൻ്റെ ദേശീയ ശരാശരി 91 ശതമാണ്. എന്നാൽ ഇത് 74 ശതമാനമാണ് കേരളത്തിലേത്. രണ്ടാം ഡോസ് വാക്സിനേഷൻ നിരക്കും കേരളത്തിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. ദേശീയ ശരാശരി 83 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷൻ. എന്നാൽ കേരളത്തിൽ ഇത് വെറും 60 ശതമാനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവരിലെ വാക്സിനേഷൻ്റെ ദേശീയ ശരാശരി 21 ശതമാനമാണ്. എന്നാൽ കേരളത്തിൽ 16 ശതമാനം മാത്രമാണ് ഈ പ്രായക്കാരിലെ കൊവിഡ് വാക്സിനേഷനെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
സംസ്ഥാനത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയതായി ഹൈബി ഈഡൻ എംപി വ്യക്തമാക്കിയ സാഹചര്യം നിലനിൽക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്നെ ആരോപണം തള്ളി ആരോഗ്യമന്ത്രി രംഗത്തുവന്നു.
സംസ്ഥാനത്ത് വാക്സിൻ കെട്ടിക്കിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നാലര ലക്ഷം വാകിസിനാണ് നിലവിൽ ബാക്കിയുള്ളത്. കേരളത്തിൽ ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ വരെ ദിവസവും ഉപയോഗിക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരും. വാക്സിൻ എത്തിയാൽ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്. കുറഞ്ഞ തോതിൽ വാക്സിൻ എത്തുന്നതിനാൽ ആവശ്യമായ സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ല. രണ്ട് ദിവസം കൊണ്ട് ലഭ്യമാകുന്ന വാക്സിൻ തീരുന്നതിനാലാണ് കൂടുതൽ വാക്സിൻ ഒരുമിച്ച് തരണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.