തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കുരുക്കായി കള്ളപ്പണ കവർച്ചാ കേസിലെ കുറ്റപത്രം. കൊടകരയിൽ പിടിച്ച മൂന്നര കോടി രൂപ കള്ളപ്പണമാണെന്നും അത് വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രിലുണ്ടെന്നാണ് വിവരം. കേസിൽ കെ.സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. 625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.
കുഴൽപ്പണ കവർച്ചാ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ബെംഗളൂരുവിൽനിന്നാണ് എത്തിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആ കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് കെ. സുരേന്ദ്രന്റെ അറിവോടെയാണ്. കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധർമരാജൻ സുരേന്ദ്രന്റേയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കർണാടകയിലേക്ക് പോയി പണം കൊണ്ടുവരാൻ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപിയുടെ സംഘടനാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ചേർന്നാണ് എന്ന വിവരവും കുറ്റപത്രത്തിലുണ്ട്. കേസിൽ ധർമ്മരാജൻ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും കേസിൽ സാക്ഷിപ്പട്ടികയിലുണ്ട്.
ആവശ്യമെങ്കിൽ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശുപാർശ ചെയ്യുന്നു. ഇതിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ആദായ നികുതി വകുപ്പുമാണ്. അതുകൊണ്ട് തന്നെ കുറ്റപത്രത്തിന്റെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Kodakara black money case chargesheetsubmited