ന്യൂഡൽഹി:കോവിഡ് വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്ട്. വാക്സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തിൽ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 83 ശതമാനവും കേരളത്തിൽ ഇത് വെറും 60 ശതമാനവുമാണ്.
യുവാക്കളുടെ വാക്സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 21 ശതമാനമാണെങ്കിൽ കേരളത്തിൽ 16 ശതമാനം മാത്രമാണ്. ഓരോ സംസ്ഥാനത്തിനും നൽകിയ വാക്സിൻ ഡോസിന്റെ കാര്യത്തിൽ കേരളം തങ്ങൾക്ക് ലഭ്യമായ വാക്സിൻ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള രോഗവ്യാപനതോത് കേരളത്തിൽ ഇപ്പോഴും കുറഞ്ഞിട്ടില്ല. വാക്സിൻ ലഭ്യതക്കുറവിനെ കുറിച്ച് നിരന്തരം പരാതിയുന്നയിക്കുന്ന സംസ്ഥാനമാണ് കേരളം.
ontent Highlights: Kerala far behind than national average in Covid vaccination