ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകൾ പുറത്ത് വന്നത് ആൺസുഹൃത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷകയായിരുന്നിട്ടും സെസി ആലപ്പുഴ ജില്ലാ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങൾ ആൺസുഹൃത്ത് നൽകിയ വിവരത്തിൽ നിന്നാണ് ഭാരവാഹികൾ മനസ്സിലാക്കിയത്.
കോടതിയിൽ വളരെ മിടുക്കിയായി പെർഫോം ചെയ്യുകയും അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്ത സെസി സേവ്യർ തട്ടിപ്പുകാരിയായ വ്യാജ വക്കീലാണെന്ന വിവരം ഞെട്ടലോടെയാണ് സഹപ്രവർത്തകർ തിരിച്ചറിഞ്ഞത്. അടിമുടി ദുരൂഹതയാണ് കുട്ടനാട് സ്വദേശിനിയായ സെസിയുടെ തട്ടിപ്പുകളിൽ നിറഞ്ഞ് നിൽക്കുന്നത്. കോടതിയെ പോലും വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു.
വിവരം അറിയിച്ചത് ആദ്യ കാമുകൻ?
തിരുവല്ലയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. പിന്നീട് ആലപ്പുഴയിൽ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലാവുകയും പഴയ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായാണ് പഴയ കാമുകൻ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് സൂചന. പഴയ കാമുകൻ സെസിയുടെ പുതിയ ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെയാണ് കാര്യങ്ങൾ സെസിക്ക് എതിരായി തുടങ്ങിയത്. സെസിക്ക് മൂന്ന് പേപ്പറുകൾ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാൻ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവർ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചു.
ഇതിനെ തുടർന്ന് കത്തിൽ പറയുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അസോസിയേഷൻ ഇവരോട് ആവശ്യപ്പെട്ടുവെങ്കിലും രേഖകൾ നൽകാത്തതോടെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. പിന്നാലെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അനുസരിക്കാത്തതിനാൽ തന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സീനിയർ അഭിഭാഷകനും ഇവരെ പുറത്താക്കി. ഇതിനിടെ തട്ടിപ്പ് സംബന്ധിച്ച് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ബാർ അസോസിയേഷൻ പരാതിയും നൽകി.
ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പും അസ്വാരസ്യങ്ങളും
ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സെസിയുടെ യോഗ്യത സംബന്ധിച്ച് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇവർക്ക് എൽ.എൽ.ബി ബിരുദമില്ലെന്ന് ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയിൽ സഹപാഠികളായിരുന്ന അഭിഭാഷകരോട് വിവരം തിരക്കിയപ്പോഴാണ് ഇവർക്ക് മൂന്ന് പേപ്പർ ഇനിയും കിട്ടാനുണ്ടെന്ന് അറിയുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ താൻ ബംഗലൂരുവിൽ നിന്ന് തതുല്യ പരീക്ഷ പാസായെന്നാണ് സെസി പറഞ്ഞ ന്യായം. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 272ൽ 212 വോട്ടുകളും നേടിയാണ് ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സെസി വിജയിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ച സെസിക്ക് ബാർ അസോസിയേഷനിൽ ലൈബ്രേറിയൻ എന്ന പദവിയാണ് നൽകിയത്.
ബാർ അസോസിയേഷന്റെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നതിന് തുല്യമായ പദവിയാണ് ഇത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബാർ കൗൺസിൽ ഓഫ് കേരളയിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്റോൾ ചെയ്ത നമ്പറും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇത് പിന്നീട് ഹാജരാക്കാമെന്നാണ് ഇവർ പറഞ്ഞത്. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നതിനാൽ തന്നെ ആർക്കും സെസിയെ സംശയമുണ്ടായില്ല. കോടതിയിലെ ഇവരുടെ പ്രകടനവും മികച്ചതായതിനാൽ ആർക്കും മറ്റ് സംശയമില്ലായിരുന്നു. കഴിഞ്ഞ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മാത്രമാണ് ഇവർ ആലപ്പുഴ ബാർ അസോസിയേഷനിൽ അംഗമായത്.
ആകർഷകമായ പെരുമാറ്റം, കോടതിക്ക് മുന്നിലെ വെല്ലുവിളികളും
സാധാരണഗതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കിയ ശേഷമാണ് ഒരാൾ സ്വന്തമായി വക്കാലത്തിട്ട് കേസ് വാദിക്കുക. എന്നാൽ സെസിയുടെ കാര്യത്തിൽ ഇത് രണ്ടര വർഷം കൊണ്ട് തന്നെ ഉണ്ടായി. എല്ലാവരോടും ആകർഷകമായി പെരുമാറുന്നത് കൊണ്ടും കോടതിയിൽ നല്ല രീതിയിൽ പെർഫോം ചെയ്യുന്നതുകൊണ്ടും കോടതി നിരവധി കസുകളിലും അഭിഭാഷക കമ്മിഷനായി സെസിയെയാണ് നിയമിച്ചത്. 25ൽപ്പരം കമ്മിഷൻ റിപ്പോർട്ടുകളും സെസി കോടതിയിൽ ഇതുവരെ സമർപ്പിച്ചു. ഇതിന്റെ ഭാവി എന്താകും എന്നതാണ് കോടതിക്ക് മുൻപിലുള്ള പ്രധാന വെല്ലുവിളി. സ്വന്തമായി എന്റോൾ നമ്പറില്ലാത്ത സെസി തിരുവനന്തപുരത്തെ സംഗീത എന്ന അഭിഭാഷകയുടെ നമ്പറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ കേസുകളുടെ ഭാവി എന്താകും എന്നതും കോടതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ലീഗൽ സർവീസ് അതോറിറ്റിയുടെ കേസുകളിൽ ഉൾപ്പെടെ ഇവർ കക്ഷികൾക്കായി ഹാജരായി.
കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
തനിക്കെതിരെ ജാമ്യം ലഭിക്കുന്ന ആൾമാറാട്ട കേസ് മാത്രമേ ചുമത്തിയിട്ടുള്ളൂ എന്നുകരുതിയാണ് സെസി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ജാമ്യത്തിനായി എത്തിയത്. എന്നാൽ വ്യാജ എന്റോൾമെന്റ് നമ്പർ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാർ അസോസിയേഷനിലെ ചില രേഖകൾ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തതിനാൽ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെസി കോടതിയിൽ നിന്ന് മുങ്ങിയത്.
അഭിഭാഷകർക്കിടയിൽ ഭിന്നത, യോഗം ഇന്ന്
അതിനിടെ സെസിക്ക് വേണ്ടി ഹാജരായതിനെ ചൊല്ലി ആലപ്പുഴ ബാർ അസോസിയേഷനിലും ഭിന്നതയുണ്ട്. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ സെസിക്ക് വേണ്ടി അതേ അസോസിയേഷനിലെ അഭിഭാഷകർ ഹാജരാകുന്നത് ശരിയല്ലെന്ന വാദം ഉയരുന്നുണ്ട്. എന്നാൽ ആരുടെ കേസെടുക്കുന്നതും തെറ്റല്ല എന്ന വാദമാണ് മറുഭാഗം ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി ആലപ്പുഴ ബാർ അസോസിയേഷൻ ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. കേസിൽ അഭിഭാഷകർ ഹാജരാകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഉൾപ്പെടെ ഈ യോഗത്തിൽ തീരുമാനമുണ്ടാകും.
Content Highlights: story of Sesi Xavier who didn`t have an original degree and yet became a rocking advocate by profession