ലണ്ടൻ: ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വില്ലനായി ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പരുക്ക്. ഇന്ന് നടന്ന പരിശീലന മത്സരത്തിൽ വിരലിനു പരുക്കേറ്റ സുന്ദർ പരമ്പരയിൽ നിന്നും പുറത്തായി. ഇന്ത്യൻ ടീമിൽ പരുക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ താരമാണ് വാഷിംഗ്ടൺ സുന്ദർ. നേരത്തെ ശുഭമാൻ ഗിൽ, ആവേശ് ഖാൻ എന്നിവർക്കും പരുക്കേറ്റിരുന്നു.
ഇന്ത്യയുടെ പരിശീലന മത്സരത്തിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജ്പ എറിഞ്ഞ പന്ത് കൊണ്ടാണ് സുന്ദറിന് പരുക്കേറ്റത്. സിറാജിന്റെ ബൗൺസർ കൊണ്ട് വിരലിന് ഒടിവ് സംഭവിച്ചു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിരലിനു പരുക്കേറ്റ ആവേശ് ഖാനും വാഷിംഗ്ടൺ സുന്ദറും നാട്ടിലേക്ക് തിരിക്കും എന്ന് ബിസിസിഐ വക്താവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
നെറ്റ് ബോളർമാരായാണ് ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഓസ്ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുന്ദറിന് പരമ്പരയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവസാന ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത ഉണ്ടായിരുന്നു.
ഇരുവർക്കും പകരക്കാരെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും. ആവേശ് ഖാന് പകരക്കാരനായി ശ്രീലങ്കൻ പരമ്പരക്ക് ശേഷം ഭുവനേശ്വർ കുമാറിനെയോ നവദീപ് സൈനിയെയോ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി കൃഷ്ണപ്പ ഗൗതമിനാണ് സാധ്യത.
Also read: ‘ധോണി വളരെയധികം സ്വാധീനിച്ചു;’ ശ്രീലങ്കയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ദീപക് ചഹർ
The post വാഷിംഗ്ടൺ സുന്ദറിന് വിരലിനു പരുക്ക്; ഇംഗ്ലണ്ട് പരമ്പര നഷ്ടമാകും appeared first on Indian Express Malayalam.