നീല തിമിംഗലത്തിൻ്റെ ശബ്ദം റെക്കോർഡ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. കേരളത്തിൻ്റെ തീരക്കടലിലൂടെ സഞ്ചരിച്ച രണ്ടോളം തിമിംഗലങ്ങളുടെ ശബ്ദമാണ് റെക്കോർഡ് ചെയ്തത്. വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്ത് നിന്നും 50 മീറ്റർ മാറി കടലിൽ സ്ഥാപിച്ചിരുന്ന ഹൈഡ്രോ ഫോണിലാണ് ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടത്. നീല തിമിംഗലത്തിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ മൂന്ന് മാസം മുൻപാണ് ഇവ സ്ഥാപിച്ചത്.
അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് നീല തിമിംഗലത്തിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ മാസങ്ങളായി പഠനം നടത്തിയിരുന്നത്. നീല തിമിംഗലത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്ക് കേരളത്തിൻ്റെ തീരപ്രദേശങ്ങൾ വഴിവെക്കും.
കൂട്ടം കൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള എത്തപ്പെടൽ, ഇണചേരൽ എന്നീ ഘട്ടങ്ങളിലാണ് നീല തിമിംഗലങ്ങൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുക. വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശത്ത് കൂടി ഒന്നിലേറെ നീല തിമിംഗലങ്ങൾ കടന്ന് പോയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ഗവേഷകർ. ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം മുൻപ് കേരള തീരത്ത് സ്ഥിരീകരിച്ചിരുന്നു.