തിരുവനന്തപുരം: കേരളത്തിൽ വ്യാവസായിക നിക്ഷേപം നടത്താൻ കൂടുതൽ കമ്പനികൾ തയ്യാറായതായി വ്യവസായ മന്ത്രി പി.രാജീവ്. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടി.സി.എസ്) 600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിൽ ധാരണയായിട്ടുണ്ട്. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ഇതു സംബന്ധിച്ച ധാരണാപത്രം ഉടൻ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ്കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. 600 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും പദ്ധതിയിലുണ്ട്. അഞ്ചു മുതൽ ഏഴുവരെ വർഷത്തിനുള്ളിൽ 20000 പേർക്ക് ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വി ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിൻഫ്ര ഇ.എം.സി ലാബിൽ ഭൂമി അനുവദിച്ചിട്ടുണ്ട് . 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. 700 ലക്ഷം രൂപ മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 850 പേർക്ക് തൊഴിൽ നൽകാനാകും. ഫെയർ എക്സ്പോർട്ട്സ് എറണാകുളം ഹൈടെക് പാർക്കിൽ ഫുഡ് പ്രോസസിംഗ് യൂണിറ്റും ആരംഭിക്കും. 200 കോടി രൂപയാണ് മുതൽ മുടക്കുക. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
kerala tcs investment