ഇരിങ്ങാലക്കുട > കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശ്ശികയായി ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തെന്ന് പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ഇ എസ് ശ്രീകല.
മുൻ പൊറത്തിശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവുമായിരുന്ന ടി എം മുകുന്ദൻ തന്റെ വീടും, പറമ്പും ബാങ്കിന് ഈട് നൽകി 2018 മാർച്ച് 3ന് 50 ലക്ഷം രൂപയും, 2019ൽ ഇയാൾതന്നെ ജാമ്യക്കാരനായി കക്ഷിചേർന്ന് 30 ലക്ഷം രൂപയുടെ മറ്റൊരുവായ്പയും ബാങ്കിൽ നിലവിൽ കുടിശ്ശികയാണ്. 2021 ഫെബ്രുവരി മാസം വായ്പാ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഇയാൾക്ക് നോട്ടീസ് അയച്ചിരുന്നതും, അതിനെ തുടർന്ന് അദ്ദേഹം ബാങ്കിൽ നേരിട്ട് വന്ന് കുടിശ്ശിക അടച്ചുതീർക്കാമെന്ന് സമ്മതിക്കുകയും സാവകാശം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, അതിനുശേഷം ഇയാൾക്കോ, മറ്റുകക്ഷികൾക്കോ ബാങ്ക് ഇതുവരെ ഒരുവിധത്തിലുള്ള നോട്ടീസ് അയക്കുകയോ, സഹകരണ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരോ ബാങ്ക് ജീവനക്കാരോ ഇയാളുടെ വീട്ടിൽ ജപ്തി നടപടിക്കായി പോകുകയോ ചെയ്തിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിനെ തുടർന്ന് മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തെന്ന് പ്രചരിക്കുന്ന വാർത്ത സത്യവിരുദ്ധമാണെന്നും, പ്രസ്തുത വാർത്ത മാധ്യമങ്ങൾ പിൻവലിക്കണമെന്നും സെക്രട്ടറി ഇൻചാർജ് ശ്രീകല അഭ്യർഥിച്ചു.