കോഴിക്കോട്: സ്ത്രീപീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കേണ്ടെന്ന സർക്കാർ നിലപാടിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേ! എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
പി.കെ ശശിയുടെ പേരിൽ ഉൾപ്പെടെ മുമ്പുണ്ടായ വിവാദങ്ങൾ പരോക്ഷമായി ഓർമിപ്പിച്ചാണ് ശശി എന്ന പേര് സൂചിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പരിഹാസം.
ആരോപണ വിധേയനായ ശശീന്ദ്രനെ വ്യാഴാഴ്ച നിയമസഭയിലും മുഖ്യമന്ത്രി പ്രതിരോധിച്ചിരുന്നു. ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിക്കുകയും ചെയ്തു.
അതേസമയം മന്ത്രിക്കെതിരേ ഗവർണർക്ക് പരാതി നൽകാനാണ് പരാതിക്കാരിയായ യുവതിയുടെ തീരുമാനം. മുഖ്യമന്ത്രി പ്രതികൾക്കും മന്ത്രിക്കും ഒപ്പമാണ് നിലകൊള്ളുന്നതെന്നും യുവതി ആരോപിച്ചിരുന്നു.
content highlights:joy mathew facebook post against ak saseendran issue