Tokyo Olympics 2021: ടോക്കിയോ ഒളിംപിക്സിലെ ഇത്തവണത്തെ ഇന്ത്യന്‍ സംഘത്തില്‍ രാജ്യം അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ വളരയധികമാണ്. എക്കാലത്തെയും മികച്ച ടീമിനെയാണ് ഇക്കുറി അയച്ചിരിക്കുന്നതെന്ന അവകാശ വാദങ്ങളും ഉയര്‍ന്നു കേട്ടു.
ലോക രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണെങ്കിലും ഒളിംപിക്സ് മെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണ്. ലോകത്തെ പ്രമുഖ ഡാറ്റാ ടെക്നോളജി കമ്പനിയായ ഗ്രേസെനോട്ട് പ്രവചിക്കുന്നത് ഇന്ത്യ 19 മെഡലുകള്‍ നേടുമെന്നാണ്, അതിൽ നാലെണ്ണം സ്വർണ്ണവും. ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിലുള്ളവരും മെഡലുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ ഒളിംപിക്സില്‍ ഒരു വെള്ളിയും, വെങ്കലവും മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാധ്യം. ടോക്കിയോയില്‍ പ്രതീക്ഷകള്‍ കൂടുതലാണെങ്കിലും മെഡലുകളുടെ എണ്ണം രണ്ടക്കം കടക്കാനുള്ള സാധ്യത വിരളമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ചില താരങ്ങളും മെഡല്‍ പ്രതീക്ഷകളെക്കുറിച്ചും വായിക്കാം.
ഷൂട്ടിങ്
പ്രതീക്ഷ: രണ്ട് മെഡല്‍.
ഗ്രേസെനോട്ട് പ്രവചനം: എട്ട് മെഡല്‍ (രണ്ട് സ്വര്‍ണം, നാല് വെള്ളി, രണ്ട് വെങ്കലം).
സ്വര്‍ണം: എലവേനിൽ വലിവൻ (10 മീറ്റര്‍ എയര്‍ റൈഫിള്‍), മനു ഭാക്കര്‍, സൗരഭ് ചൗദരി (10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ്).
വെള്ളി: സൗരഭ് ചൗദരി, മനു ഭാക്കര്‍ (10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗം), രാഹി സർനോബത്ത് (വനിതകളുടെ 25 മീറ്റര്‍ എയര്‍ റൈഫിള്‍), ദിവ്യാൻഷ് സിംഗ് പൻവർ / എലവേനിൽ വലിവൻ (10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ്).
വെങ്കലം: ദിവ്യാൻഷ് സിംഗ് പൻവർ (പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍), യശസ്വിനി സിംഗ് ദേസ്വാൾ (വനിതകളുടെ 10 മീറ്റര്‍ പിസ്റ്റള്‍).
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗദരിയും മനു ഭാക്കറുമാണ് പങ്കെടുക്കുന്നത്. 2019 മുതല്‍ ഈ ഇവന്റില്‍ ഇരുവരും ആധിപത്യം പുലര്‍ത്തി വരുന്നു. ന്യൂഡല്‍ഹി, ബെയ്ജിങ്, മ്യൂണിച്ച്, റിയോ ഡി ജനീറോ എന്നിവിടങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ സ്വര്‍ണം നേടി. 2019 ലായിരുന്നു ആദ്യ നാല് സ്വര്‍ണമെഡല്‍ നേട്ടവും. എന്നാല്‍ 2021 ലെ ലോകകപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ജയം.
ഗുസ്തി
പ്രതീക്ഷ: ഒരു മെഡല്‍ (രണ്ടാകാന്‍ സാധ്യത)
ഗ്രേസെനോട്ട് പ്രവചനം: മൂന്ന് മെഡല്‍ (രണ്ട് സ്വര്‍ണം, ഒരു വെങ്കലം)
സ്വര്‍ണം: ബജരംഗ് പൂനിയ ( പുരുഷന്മാരുടെ 65 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍), വിനേഷ് ഫാഗോട്ട് (വനിതകളുടെ 53 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍).
വെങ്കലം: ദീപക് പൂനിയ (പുരുഷന്മാരുടെ 86 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍).
രണ്ട് താരങ്ങളിലാണ് ഗുസ്തിയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ളത്. 53 കിലോ ഗ്രാം ഫ്രീസ്റ്റൈലില്‍ വിനേഷ് ഫാഗോട്ട്. ഒളിംപിക്സ് റാങ്കിങ്ങില്‍ വിനേഷ് ഒന്നാം നമ്പറാണ്. സ്വീഡന്റെ സോഫിയ മാറ്റ്സണ്‍, ചൈനയുടെ പാങ് ക്യാന്യു, അമേരിക്കയുടെ ജക്കാര വിന്‍ചെസ്റ്റര്‍ എന്നിവരും പ്രസ്തുത ഇവന്റിലെ ശക്തരാണ്.
ഇവരിലെല്ലാം ഉപരിയായി ഫാഗോട്ടിന്റെ പ്രധാന എതിരാളി ജപ്പാന്റെ മൂയു മുക്കൈദയാണ്. മൂന്ന് തവണ ഫോഗട്ടിനെ മുക്കൈദ പരാജയപ്പെടുത്തിയിട്ടുണ്ട്.
പുരുഷന്മാരില്‍ ബജരംഗ് പൂനിയയിലാണ് പ്രതീക്ഷ. റഷ്യയുടെ ഗാഡ്സിമുരാദ് റാഷിഡോവാണ് പൂനിയയുടെ പ്രധാന എതിരാളി. റാഷിഡോവ് ഒഴികെ 65 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മറ്റെല്ലാ താരങ്ങളുടേയും മുകളില്‍ പൂനിയക്കാണ് മേല്‍ക്കൈ. 57 കിലോ ഗ്രാം വിഭാഗത്തില്‍ രവി ദഹിയയുടെ പ്രകടനത്തിലും പ്രതീക്ഷ അര്‍പ്പിക്കാവുന്നതാണ്.
ഭാരദ്വഹനം
പ്രതീക്ഷ: ഒരു മെഡല്‍
ഗ്രേസെനോട്ട് പ്രവചനം: ഒരു മെഡല്‍ (വെള്ളി)
വെള്ളി: മിരാബായ് സായികോം ചാനു (49 കിലോ ഗ്രാം വിഭാഗം)
ഒളിംപിക്സില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം പല അത്ലീറ്റുകള്‍ക്കും ഗുണകരമായിട്ടുണ്ട്. ആരെക്കാളും കൂടുതല്‍ സഹായകരമായത് മിരാബായ് സായികോം ചാനുവിനാണ്. 49 കിലോഗ്രാം വിഭാഗത്തില്‍ നാലാം റാങ്കുകാരിയാണ് മിരാബായ്. ചൈനയുടെ ഹൗ സിഹുയി, സിയാങ് ഹുയിഹുവ, ഉത്തര കൊറിയയുടെ റി-സിംഗ് ഗം എന്നിവരണ് താരത്തിന് മുന്നിലുള്ളത്.
കൊറിയയുടെ പിന്മാറ്റവും, ചൈനക്ക് ഒരു താരത്തെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കു എന്നതും വെള്ളിയിലേക്കുള്ള മിരാബായിയുടെ വാതില്‍ തുറന്നിരിക്കുകയാണ്. എന്നാല്‍ പരുക്കുകള്‍ ഉള്ളത് താരത്തിന് ആശങ്കയാണ്.
ബോക്സിങ്
പ്രതീക്ഷ: രണ്ട് മെഡല്‍
ഗ്രേസെനോട്ട് പ്രവചനം: അഞ്ച് മെഡല്‍ (മൂന്ന് വെള്ളി, രണ്ട് വെങ്കലം)
വെള്ളി: അമിത് പങ്കല്‍ (പുരുഷ വിഭാഗം), മേരി കോം (വനിതാ വിഭാഗം)
വെങ്കലം: മനീഷ് കൗശിക് (പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ്), പൂജ റാണി (വനിതകളുടെ മിഡില്‍ വെയിറ്റ്)
ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസങ്ങളില്‍ ഒരാളായ മേരി കോം തന്നെയാണ് ഇത്തവണത്തേയും പ്രധാന മെഡല്‍ പ്രതീക്ഷ. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് അമിത് പങ്കലും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഫ്ലൈവെയിറ്റില്‍ ഒന്നാം നമ്പര്‍ ബോക്സറാണ് അമിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളിയും താരം നേടി. അമിതിന്റെ പ്രധാന എതിരാളി നിലവിലെ ചാമ്പ്യനായ ഷാക്കോബിഡിൻ സോറോവാണ്.
52 കിലോ ഗ്രാം വിഭാഗത്തിലേക്ക് മാറിയതിന് ശേഷം മേരി കോം മികച്ച ഫോമിലാണ്. ഇന്ത്യന്‍ ഓപ്പണിലും, പ്രസിഡന്റ്സ് കപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. 38 കാരിയായ മേരി നാസിം കിസായി, ചാങ് യുവാൻ, ബുസെനാസ് കാക്കിറോഗ്ലു എന്നിവരോട് പരാജയപ്പെട്ടിട്ടുണ്ട്.
അമ്പെയ്ത്ത്
പ്രതീക്ഷ: ഒരു മെഡല്‍
ഗ്രേസെനോട്ട് പ്രവചനം: രണ്ട് മെഡല്‍ (വെള്ളി, വെങ്കലം)
വെള്ളി: ദീപിക കുമാരി
വെങ്കലം: പുരുഷന്മാരുടെ റികര്‍വ് ടീം
അമ്പെയ്ത്തില്‍ മിക്സഡ് വിഭാഗം മത്സരങ്ങള്‍ ആദ്യമായാണ് ഒളിംപിക്സില്‍. ഇന്ത്യയുടെ ദീപിക കുമാരി, അതാനു ദാസ് സഖ്യം അടുത്തിടെ നടന്ന ലോകകപ്പില്‍ സ്വര്‍ണം നേടിയിരുന്നു. മുന്‍പന്തിയിലുള്ള പല രാജ്യങ്ങളും ലോകകപ്പില്‍ പങ്കെടുത്തിരുന്നില്ല. മികച്ച ഫോം തുടരാനായാല്‍ ഇരുവര്‍ക്കും അമ്പെയ്ത്തിലെ ആദ്യ മെഡല്‍ രാജ്യത്തിന് സമ്മാനിക്കാനാകും.
ദീപിക കുമാരി നിലവിലെ ലോക ഒന്നാം നമ്പരാണ്. വ്യക്തിഗത ഇനത്തില്‍ നിലവിലെ ഫോമും, പരിചയസമ്പന്നതയും പക്വതയും ദീപികയ്ക്ക് ഉപയോഗിക്കാനായാല്‍ അമ്പെയ്ത്തില്‍ പുതിയ ചരിത്രം പിറക്കും.
ബാഡ്മിന്റണ്‍
പ്രതീക്ഷ: ഒരു മെഡല്‍
ഗ്രേസെനോട്ട് പ്രവചനം: വ്യക്തിഗത ഇനത്തില്‍ പി.വി സിന്ധുവിന് നാലാം സ്ഥാനം.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് പി.വി. സിന്ധു. അകാനെ യമഗുച്ചി, തായ് സൂ യിംഗുമാണ് സിന്ധുവിന്റെ പ്രധാന എതിരാളികള്‍.
ടോക്കിയോയിലെ പുരുഷ സിംഗിൾസിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന കെന്റോ മോമോട്ടയായിരിക്കും സായ് പ്രണീതിന്റെ ക്വാര്‍ട്ടര്‍ എതിരാളിയാകാന്‍ സാധ്യത. അതിനാല്‍ മെഡല്‍ പ്രതീക്ഷ മങ്ങുന്നു.
ഡബിൾസ് ജോഡിയായ സത്‌വിക്സൈരാജ് റാങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യന്‍ താരങ്ങളുള്ള ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ നന്നായി പരിശ്രമിക്കേണ്ടി വരും.
അത്ലറ്റിക്സ്
പ്രതീക്ഷ: ഒരു മെഡല്‍
ഗ്രേസെനോട്ട് പ്രവചനം: 0
26 അത്ലീറ്റുകളാണ് ടോക്കിയോയില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നത്. ജാവലിന്‍ ത്രൊയില്‍ നീരജ് ചോപ്ര മാത്രമാണ് മെഡല്‍ പ്രതീക്ഷ. മാര്‍ച്ചില്‍ സ്വന്തം ദേശിയ റെക്കോര്‍ഡ് താരം തിരുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം 88.07 മീറ്ററിന്റെ അടുത്തെത്തുന്ന പ്രകടനം പുറത്തെടുത്തിട്ടില്ല. ഫൈനലില്‍ എത്രത്തോളം മികവ് പുലര്‍ത്താനകുമെന്നത് അനുസരിച്ചായിരിക്കും മെഡല്‍ പ്രതീക്ഷകള്‍.
ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ (66.59 മീറ്റര്‍), ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്, ലോങ്ങ് ജമ്പില്‍ എം ശ്രീശങ്കര്‍ (8.26 മീറ്റര്‍) എന്നിവര്‍ ദേശിയ റെക്കോര്‍ഡ് ഈ വര്‍ഷം ഭേദിച്ചിരുന്നു. എങ്കിലും ഫൈനല്‍ വരെ എത്താനായാല്‍ വലിയ നേട്ടമാകും.
The post ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരാണ്; നാല് സ്വര്‍ണം വരെ നേടുമെന്ന് പ്രവചനം appeared first on Indian Express Malayalam.