തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ നിയമസഭയിൽ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഇടപെട്ടത് രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പരാതി നൽകിയിട്ടും പോലീസ് നടപടിയുണ്ടാകാൻ വൈകിയത് സംബന്ധിച്ച് ഡി.ജി.പി അന്വേഷണം നടത്തും. കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. പീഡനക്കേസ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മന്ത്രി ഇടപെടലിൽ നിന്ന് ഒഴിഞ്ഞെന്നും, കേസ് ഒഴിവാക്കുന്നതിനായി ഒരു ഇടപെടലും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
തന്റെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് പോസ്റ്ററും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നും, പത്മാകരന്റെ കടയുടെ മുന്നിലൂടെ പോയപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് എത്ര കാശ് കിട്ടി എന്ന് ചോദിച്ച ശേഷം കൈയിൽ കടന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 30ന് പോലീസ് ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പത്മാകരൻ മാത്രമാണ് എത്തിയതെന്നും അടുത്ത ദിവസമാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയതെന്നും അദ്ദേഹം പോലീസ് റിപ്പോർട്ട് ഉദ്ധരിച്ച് സഭയെ അറിയിച്ചു.
പരാതിക്കാരി എത്തിയ ദിവസം വിഷയം സംബന്ധിച്ച് ആരാഞ്ഞ കാര്യങ്ങൾക്ക് കൃത്യമായി മറുപടി കിട്ടിയിരുന്നില്ല. പിന്നീട് ഈ മാസം 20ന് ആണ് കുണ്ടറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അന്വേഷണം നല്ല നിലയിൽ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഉപവാസത്തെ ഈ വിഷയവുമായി ബന്ധപ്പെടുത്തേണ്ടെന്നും, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുസമൂഹത്തെ ബോധവത്കരിക്കാൻ ഗവർണറുടെ നടപടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CM backs Minister Saseendran in Assembly as well