തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ യുഡിഎഫിന് ഇനി ഒരേ നിലപാട്. മുസ്ലീം ലീഗിന്റെ അഭിപ്രായത്തോടൊപ്പം യുഡിഎഫ് നിൽക്കുമെന്നതാണ് ധാരണ. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നിയമസഭയിൽ പ്രതിപക്ഷം ഒരുമിച്ച് ഒരേ നിലപാട് പറയും.
കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടിനോട് ലീഗിന് എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ ആദ്യം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് തന്റെ പ്രസ്താവനയെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്തുവെന്നാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലീം സമുദായത്തിന് മാത്രമായി നൽകിയിരുന്ന സ്കോളർഷിപ്പ് നൽകണം. സച്ചാർ കമ്മിറ്റി ശുപാർശ അനുസരിച്ച് ഇങ്ങനെയൊരു സ്കീംഉണ്ടായിരുന്നുവെന്നും ഇത് നിലനിർത്തണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഇത് യുഡിഎഫ് നിലപാടായി മാറും. ഒപ്പം മറ്റ് ന്യൂനപക്ഷങ്ങൾക്ക് അവർക്ക് അവകാശപ്പെട്ട സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നുള്ളതുമാണ് യുഡിഎഫ് നിലപാട്.
മറ്റ് സംസ്ഥാനങ്ങൾ മുസ്ലീം സമുദായത്തിന് പ്രത്യേക സ്കീം എന്നത് നടപ്പിലാക്കുമ്പോഴാണ് കേരളം അത് ഇല്ലാതാക്കിയതെന്നും കേരളത്തിൽ സച്ചാറേ ഇല്ലാതായെന്നും നിയമസഭയിൽ അടക്കം വലിയ പ്രതിഷേധമുയർത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
Content Highlights: UDF will have only one say in scolarship issue decides leaders meet