കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കാബൂൾ സ്വദേശിയായ ഈദ് ഗുൾ (22) ആണ് അറസ്റ്റിലായത്. സെൻട്രൽ കൊൽക്കത്തയിലെ ബോ ബസാറിൽനിന്ന് എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലുകൾക്കായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അസം സ്വദേശി അബാസ് ഖാൻ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി കഴിഞ്ഞ ജൂൺ മുതലാണ് ഇയാൾ കപ്പൽശാലയിൽ ജോലി ചെയ്തിരുന്നത്.
രേഖകളിലെ പേരിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട രേഖകൾ കൊച്ചി കപ്പൽശാല പുനഃപരിശോധിച്ചു. അതിനിടെ ഈദ് ഗുൾ കൊച്ചിയിൽനിന്ന് മുങ്ങി. തുടർന്ന് ഈ വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നുവെന്ന് കൊച്ചി കപ്പൽശാല അധികൃതർ പറഞ്ഞു.സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിസ കാലയളവ് കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയിൽ തുടരുക, വിസാച്ചട്ടങ്ങൾ ലംഘിക്കുക എന്നിവയാണ് നിലവിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
രണ്ടുവർഷം മുൻപ് ഇന്ത്യയിലെത്തിയ ഈദ് ഗുൾ മെഡിക്കൽ വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടർന്നു. മൂന്നുമാസമായിരുന്നു കാലാവധി. ഈദ് ഗുളിന്റെ പിതാവ് അഫ്ഗാൻ പൗരനാണ്. മാതാവ് അസം സ്വദേശിയും. അപേക്ഷ നൽകിയിരുന്നെങ്കിലും വിസ കാലയളവ് നീട്ടി നൽകിയില്ല. അസമിലുള്ള അമ്മൂമ്മയുടെ നിർദേശമനുസരിച്ചാണ് ഒരു അമ്മാവൻ ഈദ് ഗുളിനെ കൊച്ചിയിലേക്ക് ജോലിക്കായി കൊണ്ടുവന്നത്.പുറംജോലി കരാർ കൊടുത്ത സബ് കോൺട്രാക്ടറുടെ തൊഴിലാളികളിൽ ഒരാളാണിതെന്നും കപ്പൽശാലയ്ക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം
നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവം എൻഐഎ അന്വേിക്കുന്നുണ്ട്. ഈ കേസിൽ രണ്ട് ഉത്തരേന്ത്യൻ തൊഴിലാളികളെയാണ് പിടികൂടിയത്. ഇപ്പോൾ വിദേശ പൗരൻ വ്യാജരേഖയുണ്ടാക്കി കപ്പൽശാലയിൽ എത്തിയതും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ ഇതും എൻഐഎ അന്വേഷണ പരിധിയിൽ വരാനാണ് സാധ്യത.
Content highlights: Afghan Citizen arrested by Kochi police for creating fake documents