തിരുവനന്തപുരം
സംസ്ഥാനത്തെ കലാലയങ്ങളിൽ ഓൺലൈൻ പഠനം ഒരുക്കുന്ന ‘ലെറ്റസ് ഗോ ഡിജിറ്റൽ’ പദ്ധതി 100 ദിവസത്തിനകം യാഥാർഥ്യമാകും. ഇതിനായുള്ള വിദഗ്ധ സമിതി തയ്യാറായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ചെയർമാനും ഡിജിറ്റൽ സർവകലാശാല വി സി ഡോ. സജി ഗോപിനാഥ് കൺവീനറുമായുള്ള ശുപാർശ ഉന്നത വിദ്യാഭ്യാസവകുപ്പ് സർക്കാരിന് നൽകി. സർവകലാശാല പ്രതിനിധികളും സമിതിയിൽ അംഗമാകും. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
സംസ്ഥാനത്തെ കോളേജ്, സർവകലാശാല, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നിവയ്ക്കായാണ് ലെറ്റസ് ഗോ ഡിജിറ്റൽ ഒരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറിലായിരിക്കും. മൂഡിൽ എലിമന്റ് ഉപയോഗിച്ചുള്ള ലേണിങ് പ്ലാറ്റ്ഫോം സാമ്പത്തികവും സമയവും ലാഭിപ്പിക്കുന്നതാണ്. മേൽനോട്ടം ഉന്നത വിദ്യാഭ്യാസ കൗൺസിലിനാണ്. കോളേജ്തല ക്ലാസുകൾക്കും സൗകര്യമുണ്ടാകും. അധ്യാപകർക്കുള്ള പരിശീലനം നടക്കുന്നുണ്ട്. രണ്ടാം ബാച്ചിന്റെ പരിശീലനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.