കൊച്ചി > ചലച്ചിത്ര നടന് കെ ടി എസ് പടന്നയില് അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില് വച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയില് സിനിമയിലെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില് അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, ചേട്ടന് ബാവ അനിയന് ബാവ, അമര് അക്ബര് അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.
21–ാം വയസിൽ സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു.
രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. നാടകത്തിൽനിന്നും പെട്ടിക്കടയിൽനിന്നും ലഭിച്ച വരുമാനത്തിൽനിന്നാണ് നാലുമക്കൾക്കും വീടും ഉപജീവനമാർഗവും ഉണ്ടാക്കിക്കൊടുത്തത്.
മതിയായ പ്രതിഫലംപോലും നൽകാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. ഇനി ചാൻസ് ചോദിച്ച് ആരുടെയടുത്തും പോകില്ല. അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്ന് പടന്നയിൽ പറയുമായിരുന്നു.
കൂലിപ്പണിക്കാരനായ കൊച്ചുപടന്നയിൽ തായിയുടെയും കയർത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളിൽ ഇളയവനായിരുന്ന സുബ്രഹ്മണ്യൻ. ക്ളാസിൽ അഞ്ച് സുബ്രഹ്മണ്യൻമാർ വേറെ ഉണ്ടായിരുന്നതിനാൽ അധ്യാപകൻ കുര്യൻമാഷാണ് കെ ടി എസ് പടന്നയിൽ എന്നു പേരിട്ടത്.
കെ ടി എസ് പടന്നയിലിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയിൽ, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങൾക്ക് തൻ്റേതായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ ടി എസ് പടന്നയിൽ എന്നും സ്പീക്കർ അനുസ്മരിച്ചു.