ടോക്കിയോ: ഒളിംപിക് വില്ലേജില്‍ നിന്ന് നല്ല ദൂരമുണ്ട് ബോക്സിങ് മത്സരങ്ങളുടെ വേദിയിലേക്ക്. 20 കിലോ മീറ്റര്‍ സഞ്ചരിക്കണം. കോവിഡിന്റെ സാധ്യതകള്‍ പരിഗണിച്ച് വില്ലേജിലെ സൗകര്യത്തില്‍ തന്നെ പരിശീലിക്കുകയാണ് ഇന്ത്യയുടെ ബോക്സിങ് താരങ്ങള്‍.
“വില്ലേജില്‍ തന്നെ പരിശീലനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഞങ്ങള്‍ ബോക്സിങ് മത്സരങ്ങള്‍ നടക്കുന്ന വേദിയിലേക്ക് പോയിരുന്നു. ഒരുപാട് ദൂരമുണ്ട്. ഞങ്ങള്‍ മാത്രമല്ല പല ടീമുകളുടേയും തീരുമാനം ഇത് തന്നെയാണ്,” ഇന്ത്യന്‍ ബോക്സിങ് ടീം അംഗം പി.ടി.ഐയോട് പറഞ്ഞു.
“ചൂട് കാലവസ്ഥയുമായതിനാല്‍ അത്രയും ദൂരം യാത്ര ചെയ്യുന്നതില്‍ കാര്യമില്ല. കോവിഡ് പേടിയും ഒപ്പമുണ്ട്. വില്ലേജില്‍ പരിശീലനം നടത്താനുള്ള സൗകര്യങ്ങളുണ്ട്. പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്‍പത് താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബോക്സിങ്ങില്‍ ഇറങ്ങുന്നത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ടീമില്‍ ഉള്‍പ്പെടുന്നു.
ലണ്ടണ്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ മേരി കോം 51 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. സിമ്രന്‍ജിത് കൗര്‍ (60 കി.ഗ്രാം), ലോവ്ലിന (69 കി.ഗ്രാം), പൂജ റാണി (75 കി.ഗ്രാം) എന്നിവരാണ് മറ്റ് വനിതാ താരങ്ങള്‍.
ലോക ഒന്നാം നമ്പര്‍ അമിത് പങ്കല്‍ (52 കി.ഗ്രാം), മനീഷ് കൗശിക്ക് (63 കി.ഗ്രാം), വികാസ് കൃഷ്ണന്‍ (69 കി.ഗ്രാം), ആശിഷ് ചൗദരി (75 കി.ഗ്രാം), സതിഷ് കുമാര്‍ (91 കി.ഗ്രാം) എന്നിവരാണ് പുരുഷ താരങ്ങള്‍.
ജൂലൈ 24 നാണ് ബോക്സിങ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അമിത്, വികാസ്, മേരി കോം എന്നിവര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
The post ബോക്സിങ് വേദി അകലെ, ഒപ്പം കോവിഡ് പേടിയും; വില്ലേജില്‍ പരിശീലിച്ച് താരങ്ങള്‍ appeared first on Indian Express Malayalam.