തിരുവനന്തപുരം:എൻ.സി.പി നേതാവ്യുവതിയെപീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോപണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. വിഷയത്തിൽ എൻസിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനെ മാത്രം ആശ്രയിച്ച് നിലപാട് വ്യക്തമാക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻ.സി.പി പൂർണ പിന്തുണയാണ് മന്ത്രിക്ക് നൽകുന്നത്. രണ്ട് നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ഉദ്ദേശ്യംമാത്രമാണ് മന്ത്രിക്കുണ്ടായിരുന്നതെന്നും നിയമവിരുദ്ധമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണ് എൻസിപി നേതൃത്വം പറയുന്നത്. സിപിഎം നിലപാടിന് ശേഷം മറ്റ് കാര്യം ആലോചിക്കാമെന്നായിരുന്നു എൻസിപി തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ട്. ഇരയെ അപമാനിക്കുന്ന ഒരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും മന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിപിഎം വിലയിരുത്തൽ.മന്ത്രി എന്ന തരത്തിൽ ഇടപെടൽ നടത്തുമ്പോൾ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്.
ഇന്നലെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ച ശശീന്ദ്രൻ ഇന്ന് ക്ലിഫ്ഹൗസിൽ നേരിട്ടെത്തിയും മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അതേസമയം ശശീന്ദ്രന്റെ രാജി ആവശ്യം നിയമസഭയിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇക്കാര്യം വി.ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A Vijayaraghavan on AK Saseendran issue