കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച യുവതി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണെന്നും അവർ ചോദിച്ചു.
കേരളത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്നും യുവതി പറഞ്ഞു.
കേരളത്തിൽ ഇതേ നടക്കൂ, സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. എനിക്ക് നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രൻ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റിയ ഒരു പ്രവർത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അർഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്.,യുവതി പറഞ്ഞു.
മന്ത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
content highlights:kundara case complainant criticises chief minister pinarayi vijayan