തിരുവനന്തപുരം: സ്കോളർഷിപ്പ് വിവാദം ഉൾപ്പെടെ ഒരു ആനുകൂല്യത്തിന്റെപേരിലും വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇത്തരം ചർച്ചകൾ നാടിന്റെ മതസൗഹാർദത്തിനും സാഹോദര്യത്തിനും വെല്ലുവിളിയാണെന്നും ഇമാം തന്റെ ബക്രീദ് സന്ദേശത്തിൽ പറഞ്ഞു.
സ്കോളർഷിപ്പ് വിവാദത്തിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തിന് ലഭിച്ചിരുന്ന ആനൂകൂല്യം സർക്കാർ ഇല്ലാതാക്കിയെന്ന് മുസ്ലീം ലീഗ് ഉൾപ്പെടെ ആരോപിക്കുമ്പോഴാണ് ഇമാമിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. സമാനമായ അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയും പങ്കുവെച്ചിരുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ വലിയ സാമൂഹ്യപ്രശ്നങ്ങൾ നടക്കുന്ന കാലഘട്ടമാണെന്നും ഇത്തരം സാമൂഹ്യ ദുരാചാരങ്ങൾക്കെതിരേമുന്നോട്ടുവരാൻ ചെറുപ്പക്കാർ തയ്യാറാകണമെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
ബക്രീദ് സന്ദേശത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങൾ അവിടുത്തെ പള്ളികളുടെയും മദ്രസകളുടെയും നിലനിൽപ്പിനുതന്നെ വെല്ലുവിളിയാണെന്നും അത് ചോദ്യംചെയ്യപ്പെടണമെന്നും സുഹൈബ് മൗലവി പറഞ്ഞു.
Content Highlights: Palayam imam on Scolarship issue during Bakrid message