കൊച്ചി
ജൈവായുധ പരാമർശവുമായി ബന്ധപ്പെട്ട കേസന്വേഷണവുമായി സംവിധായിക ആയിഷ സുൽത്താന സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് ഭരണനേതൃത്വം. കേസ് രജിസ്റ്റർ ചെയ്തശേഷം ആയിഷ മൊബൈൽഫോൺ രേഖകൾ നശിപ്പിച്ചതായും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നില്ലെന്നും കലക്ടർ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമർപ്പിച്ച ഹർജിയിലാണ് എതിർനിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്.
ആയിഷ ഫോണിലെ ചാറ്റുകളും സന്ദേശങ്ങളും നശിപ്പിച്ചത് സംശയാസ്പദമാണ്. ടിവി ചാനൽ തത്സമയചർച്ചയിൽ വിവാദപരാമർശം നടത്തുന്നതിനുമുമ്പ് ആയിഷ മൊബൈൽഫോണിൽ നോക്കിവായിക്കുന്നത് കാണാമായിരുന്നു. ചർച്ച നടക്കുമ്പോഴും ഫോണിലൂടെ ആരുമായോ നിരന്തരസമ്പർക്കത്തിലായിരുന്നു. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ല. വിശദമായ അന്വേഷണം വേണം. അന്വേഷണവുമായി സഹകരിക്കാതെ പ്രതി മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയുമാണ്. മീഡിയ വൺ ചാനൽ മാനേജ്മെന്റും അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊലീസ് നോട്ടീസ് നൽകിയിട്ടും ആവശ്യപ്പെട്ട രേഖകൾ മാനേജ്മെന്റ് കൈമാറുന്നില്ലെന്നും ഭരണനേതൃത്വം വ്യക്തമാക്കി. കേസ് ഈയാഴ്ച പരിഗണിക്കും.