ന്യൂഡൽഹി
കൊച്ചിയടക്കം 35 നഗരത്തിൽ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ നിർമിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത–- ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നൽകി. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലും ഇവ നിർമിക്കും. കൊച്ചിയിലെ പാർക്കിന്റെ കാര്യത്തിൽ സാധ്യതാപഠനം തുടരുകയാണ്.
കേരളത്തിൽ 27,497 കോടി രൂപ മുതൽമുടക്കിൽ 731 കി.മീ ദൈർഘ്യമുള്ള 32 ദേശീയപാത പദ്ധതികൾ നിർമാണ പുരോഗതിയിലാണെന്നും ജോൺ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു. അഞ്ച് പദ്ധതി ഈ വർഷം പൂർത്തിയാക്കും. വടക്കാഞ്ചേരി–- തൃശൂർ ആറുവരി പാത സെപ്തംബർ മുപ്പതോടെയും തിരുവനന്തപുരം മുക്കോല മുതൽ തമിഴ്നാട് അതിർത്തിവരെയുള്ള നാലുവരി പാതയുടെ വികസനം ഡിസംബർ 31നും പൂർത്തീകരിക്കും. തലശേരി–- മാഹി നാലുവരി ബൈപാസ് ഡിസംബർ പതിനഞ്ചോടെയും നീലേശ്വരം നാലുവരി ആർഒബി ആഗസ്ത് പതിനേഴോടെയും കഴക്കൂട്ടം ജങ്ഷൻമുതൽ ടെക്നോപാർക്ക് ജങ്ഷൻവരെ നാലുവരി എലിവേറ്റഡ് ഹൈവേ ഒക്ടോബർ നാലോടെയും പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.