ന്യൂഡൽഹി
രാജ്യത്ത് 40 കോടിയിലധികംപേർക്ക് ഇനിയും കോവിഡ് ബാധിച്ചിട്ടില്ലെന്ന് ദേശീയ സിറോ സർവേ. ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ സർവേയുടെ നാലാം ഘട്ടത്തിലാണ് കണ്ടെത്തൽ. ജനസംഖ്യയുടെ മൂന്നിലൊരു വിഭാഗത്തിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യമില്ല. അതുകൊണ്ട് ഇവരിപ്പോഴും രോഗഭീഷണി നേരിടുന്നുണ്ട്.
നാലാംഘട്ട സിറോ സർവേയിൽ ആറ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു. ജനസംഖ്യയിൽ മൂന്നിൽ രണ്ടിന് രോഗബാധയുണ്ടായി. ആറ് വയസ്സിന് മുകളിലുള്ളവരിൽ 67.6 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചു. ആറ്–-ഒമ്പത് വയസ്സുകാരിൽ 57.2 ശതമാനം, 10–-17ൽ 61.6 ശതമാനം, 18–-44 ൽ 66.7 ശതമാനം, 45–-60ൽ 77.6 ശതമാനം എന്നിങ്ങനെയാണ് രോഗവ്യാപനത്തോത്.
പുതിയ സിറോ സർവേ പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നുണ്ടെന്നും എന്നാൽ ജാഗ്രതക്കുറവിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാംഭാർഗവ പ്രതികരിച്ചു. സ്കൂളുകൾ തുറക്കാനുള്ള സമയമായോയെന്ന ചോദ്യത്തിന് മുതിർന്നവരിൽ ഉള്ളതുപോലെ ആന്റിബോഡി സാന്നിധ്യം കുട്ടികളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പ്രൈമറിസ്കൂളുകളും പിന്നാലെ സെക്കൻഡറി സ്കൂളുകളും തുറക്കുന്നതാകും നല്ലത്. അധ്യാപകർ, ജീവനക്കാർ, ഡ്രൈവർമാർ തുടങ്ങിയവർ വാക്സിനെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.