മനാമ
ഹജ്ജ് കർമത്തിന്റെ മൂന്നാം നാൾ തീർഥാടകർ ജംറകളിൽ കല്ലേറ് കർമം തുടങ്ങി. ഇനിയുള്ള രണ്ടു ദിവസം ഇവർ മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. വ്യാഴാഴ്ചയോടെ കല്ലേറ് കർമം പൂർത്തിയാക്കി വിടവാങ്ങൽ ത്വവഫും നിർവഹിച്ച് തീർഥാടകർ മടങ്ങും. അറഫ സംഗമശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് പുലർച്ചെയാണ് മിനാ താഴ്വരയിൽ തീർഥാടകർ തിരിച്ചെത്തിയത്. പിശാചിനെ പ്രതീകവൽക്കരിക്കുന്ന തൂണുകളായ ജംറയിലെത്തി കല്ലേറ് കർമമാണ് ആദ്യം നിർവഹിച്ചത്. മൂന്നു തൂണിൽ ഏഴു വീതം കല്ലുകളാണ് എറിയേണ്ടത്. ആറ് നിലയിലുള്ള ജംറകളിൽ തീർഥാടകർക്ക് സുഗമമായി കല്ലേറ് നിർവഹിക്കാൻ സൗകര്യം ഒരുക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ പ്രധാന ജംറയായ ജംറത്തുൽ അഖബയിലായിരുന്നു ആദ്യ കല്ലേറ് കർമം. തുടർന്ന്, മുടിയെടുത്ത് ബലികർമവും നിർവഹിച്ച് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി. ശേഷം മക്കയിൽ ഹറമിൽ ത്വവാഫുൽ ഇഫാദയും നിർവഹിച്ചശേഷം മിനായിലേക്ക് മടങ്ങി. സൗദിയടക്കം അറബ് രാജ്യങ്ങൾ ചൊവ്വാഴ്ച ബലി പെരുന്നാൾ ആഘോഷിച്ചു.
ആറു മണിക്കൂറോളം മുസ്ദലിഫയിൽ ചെലവഴിച്ച 60,000 തീർഥാടകരെ ഏകദേശം 1700 ബസിലായാണ് മിനായിലേക്ക് കൊണ്ടുവന്നത്.
കോവിഡ് പശ്ചാത്തലത്തിൽ കർശനമായി മാനദണ്ഡങ്ങൾ പാലിച്ചാണ് കല്ലേറും ത്വവാഫും നടന്നത്. ജംറയിൽ പ്രത്യേക നിലകളും പോക്കുവരവുകൾക്ക് പാതകളും ഒരുക്കി. സുരക്ഷാ, ആരോഗ്യ അധികൃതരും ഹജ്ജ് സംഘാടകരും തീർഥാടകർക്ക് ആവശ്യമായ സഹായം നൽകി.