തിരുവനന്തപുരം
സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ അരക്കോടി കവിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്ക് പ്രകാരം 50,25,445 പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. ആകെ ജനസംഖ്യയുടെ 14.35 ശതമാനമാണ് ഇത്. തിങ്കളാഴ്ച മൂന്നര ലക്ഷം ഡോസ് വിതരണം ചെയ്തതോടെയാണ് അരക്കോടിയെന്ന നേട്ടത്തിലേക്ക് സംസ്ഥാനം എത്തിയത്. ചൊവ്വാഴ്ച രണ്ട് ലക്ഷത്തിലധികം പേർക്ക് വാക്സിൻ വിതരണം ചെയ്തു.
1,22,51,043 പേർ ആദ്യഡോസ് സ്വീകരിച്ചു. 1,72,76,488 ഡോസ് കോവിഡ് വാക്സിനാണ് സംസ്ഥാനത്താകെ വിതരണം ചെയ്തത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 60–-70 ശതമാനം പേർക്കും പൂർണമായി വാക്സിൻ നൽകി സാമൂഹ്യ പ്രതിരോധശേഷി ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വാക്സിൻ ലഭ്യമായില്ലെങ്കിൽ വീണ്ടും ക്ഷാമം ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എത്രയുംവേഗം 90 ലക്ഷം വാക്സിൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനെടുക്കുന്നതിൽ സ്ത്രീകൾ ഒന്നാമതായി തുടരുകയാണ്. 89.83 ലക്ഷം സ്ത്രീകൾ വാക്സിനെടുത്തപ്പോൾ പുരുഷന്മാർ 82.89 ലക്ഷ മാണ്. 6.94 ലക്ഷത്തിന്റെ വ്യത്യാസമാണുള്ളത്. ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നീ വിഭാഗങ്ങളിൽ അഞ്ച് ലക്ഷത്തോളവും 45 വയസ്സിനു മുകളിലുള്ളവരിൽ 37.91 ലക്ഷവും 18-–-44 വിഭാഗത്തിൽ 2.11 ലക്ഷവും ആളുകളും രണ്ട് ഡോസും സ്വീകരിച്ചു.
സംസ്ഥാനത്ത് വാക്സിൻ നിർമാണം : വിദഗ്ധസമിതി
റിപ്പോർട്ട് സമർപ്പിച്ചു
സംസ്ഥാനത്ത് വാക്സിൻ നിർമാണകേന്ദ്രം സജ്ജമാക്കുന്നതിന് മുന്നോടിയായി വിദഗ്ധസംഘം തയ്യാറാക്കിയ കരട് റിപ്പോർട്ട് ചൊവ്വാഴ്ച സർക്കാരിന് സമർപ്പിച്ചു. പ്രാരംഭഘട്ടമെന്ന നിലയിൽ സർക്കാർ കൈക്കൊള്ളേണ്ട നടപടി വ്യക്തമാക്കിയുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. കമ്പനികൾക്ക് സർക്കാർ നൽകേണ്ട വ്യാവസായിക പിന്തുണയും കമ്പനികളിൽനിന്ന് സ്വീകരിക്കേണ്ട താൽപ്പര്യപത്രവും അനുബന്ധ വിവരങ്ങളും എങ്ങനെ ആയിരിക്കണം എന്നതടക്കം വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. വാക്സിൻ നിർമാണ കമ്പനികളുമായും വിദഗ്ധരുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭിച്ചശേഷമാകും അടുത്ത ഘട്ടം. താൽപ്പര്യം പ്രകടിപ്പിച്ച് 10 വാക്സിൻ നിർമാണക്കമ്പനികളാണ് സംസ്ഥാനവുമായി ബന്ധപ്പെട്ടത്.
ഡോ. എസ് ചിത്ര ഡയറക്ടറായ വിദഗ്ധ സമിതിയുടെ ചെയർമാൻ ശാസ്ത്ര സാങ്കേതികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ പി സുധീറാണ്. കോവിഡ് വിദഗ്ധ സമിതി അംഗം ഡോ. ബി ഇക്ബാൽ, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സിൻ വിദഗ്ധൻ ഡോ. വിജയകുമാർ, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം ജി രാജമാണിക്യം എന്നിവർ അംഗങ്ങളാണ്. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയാണ് കമ്പനിക്ക് വേണ്ട സഹായം ചെയ്യുക. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി പത്ത് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
നിരക്ക്
തീരുമാനിച്ചു
സ്വകാര്യ ആശുപത്രികൾക്ക് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ, മെഡിസിനൽ ഗ്യാസ് എന്നിവ വിൽക്കുമ്പോൾ കമ്പനികൾക്ക് ഈടാക്കാവുന്ന ഗതാഗത/ ലോജിസ്റ്റിക്സ് നിരക്കുകൾ തീരുമാനിച്ച് സർക്കാർ. ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിയന്ത്രണം കഴിയുന്നതുവരെയാണ് ഇവ പ്രാബല്യത്തിൽ ഉണ്ടാകുക.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിർമാതാക്കൾ/ മൊത്തവ്യപാരികൾക്ക് ഒരു ഘന മീറ്റർ ദ്രവീകൃത ഓക്സിജന് ജിഎസ്ടി ഒഴികെ 7.5 രൂപയും സംസ്ഥാനത്തിനകത്തുള്ള നിർമാതാക്കൾക്ക് ആറുരൂപയും ഈടാക്കാം. ചെറുകിട വ്യാപാരികൾക്കും വിതരണക്കാർക്കും അഞ്ചുരൂപ. ദ്രവീകൃത ഓക്സിജൻ നിറച്ച ബി വിഭാഗം സിലിണ്ടറുകൾക്ക് 50 രൂപയും ഡി വിഭാഗത്തിന് 150 രൂപയും ജിഎസ്ടി ഒഴികെ ഈടാക്കാം.