കൊല്ലം
കടയിൽ വിളിച്ചുകയറ്റി കൈയിൽക്കയറി പിടിച്ചുവെന്ന യുവതിയുടെ പരാതിയിൽ എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി പത്മാകരന് എതിരെ കുണ്ടറ പൊലീസ് കേസ് എടുത്തു. പടപ്പക്കര സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ബുധനാഴ്ച യുവതിയെ മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്ന് കുണ്ടറ സിഐ ജയകൃഷ്ണൻ പറഞ്ഞു.
ജൂൺ 27നു യുവതി പരാതി നൽകിയപ്പോൾ ഇരുകൂട്ടരെയും വിളിപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണത്തോട് പരാതിക്കാരി സഹകരിച്ചില്ല. സിസിടിവി ക്യാമറ പരിശോധിക്കാമെന്നു പറഞ്ഞെങ്കിലും സഹകരിച്ചില്ല. പിന്നീട് മൂന്നുതവണ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നെങ്കിലും എത്തിയില്ല. പത്മാകരൻ എത്തിയിരുന്നു. വാദിക്കു പരാതിയിൽ താൽപ്പര്യം ഇല്ലെന്നാണ് കരുതിയത്. പരാതിയും അവ്യക്തമായിരുന്നു. ഒരുകാര്യത്തിലും വ്യക്തത ഇല്ലാത്തതിനാലാണ് എഫ്ഐആർ ഇടാതിരുന്നതെന്നും സിഐ പറഞ്ഞു.
അതേസമയം പത്മാകരനെതിരെ പൊലീസിൽ പരാതി കൊടുപ്പിച്ചതിന് പിന്നിൽ ബിജെപിക്കാരാണെന്ന് പരാതിക്കാരിയുടെ അച്ഛൻ പറഞ്ഞു. ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് പത്മാകരനെതിരെ മകൾ നൽകിയ പരാതിയിൽ കൈക്ക് കയറിപ്പിടിച്ചതുകൂടി ഉൾപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞാണ് മന്ത്രി എ കെ ശശീന്ദ്രൻ തന്നെ ഫോണിൽ വിളിച്ചത്. താൻ എൻസിപി നിയോജക മണ്ഡലം പ്രസിഡന്റാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മകൾ മത്സരിച്ചു. കൊല്ലത്തെ എൻസിപിയുടെ ഫെയ്സ്ബുക്ക് പേജിൽ മകളുടെ ചിത്രം അടങ്ങിയ ബിജെപി പോസ്റ്റർ പരിഹാസച്ചുവയിൽ വോയ്സ് ക്ലിപ്പ് സഹിതം പത്മാകരൻ പോസ്റ്റ്ചെയ്തു. ഇത് പ്രചരിച്ചപ്പോൾ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പാർടി നേതാക്കളെക്കൊണ്ടും പറയിപ്പിച്ചു. പരാതി നല്ലരീതിയിൽ തീർക്കാൻ പറഞ്ഞ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു.