കൊച്ചി: ആയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ആയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആയിഷ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകൾ അവർ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുൽത്താന മറ്റൊരു ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഗുരുതര ആരോപണങ്ങളാണ് ആയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുൽത്താന മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കേസിന്റെ അന്വേഷണവുമായി അവർ സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.
ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തുന്നതിന് മുൻപ് ആയിഷ സുൽത്താന തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ആയിഷ സുൽത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും ലക്ഷദ്വീപ് ഭരണകൂടം ആരോപിക്കുന്നു. അതിനാൽതന്നെ കേസ് മുന്നോട്ടു കൊണ്ടുപോവുകയും ആയിഷ സുൽത്താനയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം എതിർസത്യവാങ്മൂലത്തിൽ പറയുന്നത്.
content highlights:lakshadweep administration files counter affidavit on ayisha sulthana sedition case