തിരുവനന്തപുരം: എൻ.സി.പി നേതാവ് പത്മാകരനെതിരായ പീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആക്ഷേപത്തിൽ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി.
പീഡനക്കേസിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാനുമാണ് ശശീന്ദ്രൻ ശ്രമിച്ചതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണിൽ നിർദ്ദേശിച്ചതെന്നും ആക്ഷേപങ്ങൾ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ പ്രതികരിച്ചു.
യുവതിയെ കടന്നുപിടിച്ച എൻസിപി നേതാവിനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടുവെന്നാണ് ആരോപണം. മന്ത്രി പെൺകുട്ടിയുടെ അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ് എ.കെ ശശീന്ദ്രൻ ബന്ധപ്പെട്ടത്.
എൻസിപി സംസ്ഥാന ഭാരവാഹിയാണ് പെൺകുട്ടിയെ കടന്നുപിടിച്ച പത്മാകരൻ. പ്രശ്നം അടിയന്തരമായി നല്ല നിലയിൽ തീർക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. താൻ ഇടപെട്ടുവെന്ന് സമ്മതിച്ച ശശീന്ദ്രൻ പക്ഷേ സംഭവം പീഡന പരാതിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിശദീകരിക്കുന്നത്.
Content Highlights: NCP state chief P.C Chacko backs minister AK Sasindran