തിരുവനന്തപുരം: ചാക്കോ, തനിക്കറിയുമോ ഹിന്ദുപുരാണത്തിൽ ഒരു വിദ്വാനുണ്ട് ദേവേന്ദ്രൻ. ദേവന്മാരുടെ രാജാവ്. ആരെങ്കിലും എവിടെയെങ്കിലും തപസ്സിരുന്നാൽ ഉടൻ അങ്ങേര് മഹാവിഷ്ണുവിന്റെ കാതിൽചെന്നു കുശുകുശുക്കും. ഇത് എന്റെ സ്ഥാനം തെറിപ്പിക്കാനാണ്. ഉടൻ നിർത്തിക്കണമെന്ന്. അതുപോലെ നമ്മുടെ കൂട്ടത്തിലുമുണ്ട് ചിലർ. ആരെന്ത് പുതിയ കാര്യം ചെയ്താലും അത് തന്റെ സ്ഥാനം തെറിപ്പിക്കാനാണെന്ന് ധരിച്ച് നടപടിയുമായി നടക്കുന്നവർ.-
1988-ൽ അന്നത്തെ മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ തന്റെ പ്രൈവറ്റ് സെക്രട്ടറിയും അന്നത്തെ യുവജനനേതാവുമായ മത്തായി ചാക്കോയോടു പറഞ്ഞതാണിത്. പാർട്ടി വിചാരണകൾ പലരീതിയിൽ നേരിടുന്ന പിരപ്പൻകോട് മുരളിയുടെ അനുഭവം ബോധ്യപ്പെടുത്താനുള്ള ഒരു കഥ. സി.പി.എം. 13-ാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചപ്പോൾ, അതിന്റെ സാംസ്കാരിക പ്രചാരണ ചുമതല ഏൽപ്പിക്കാനാണ് ടി.കെ. പിരപ്പൻകോടിനെ മന്ത്രി ഓഫീസിലേക്കു വിളിപ്പിച്ചത്. അന്ന് ജില്ലാനേതൃത്വത്തിന് അനഭിമതനായതിനാൽ സംഘാടകസമിതിയിൽപ്പോലും പിരപ്പൻകോട് ഉണ്ടായിരുന്നില്ല. പിന്നെ, താനെങ്ങനെ ഇത് ഏറ്റെടുക്കുമെന്ന് ചോദിച്ചപ്പോൾ, സ്വാഗതസംഘം കമ്മിറ്റിയൊക്കെ ഓഫീസ് ഫയലിൽ നിരുപദ്രവകരമായി വിശ്രമിച്ചുകൊള്ളുമെന്നായിരുന്നു ടി.കെ.യുടെ മറുപടി.
നമുക്ക് കഥപറഞ്ഞു രസിക്കാം. പക്ഷേ, മുരളിയണ്ണൻ അനുഭവിക്കുന്ന പ്രയാസം ഇതുകൊണ്ടൊന്നും തീരില്ലല്ലോ- ചാക്കോ ചോദിച്ചു. നിനക്ക് അറിയാത്തതുകൊണ്ടാണ്. ഇത്തരം പ്രയാസം അനുഭവിച്ചതുകൊണ്ടാണ് മുരളിക്ക് ഒരുറച്ച കമ്യൂണിസ്റ്റുകാരനും എഴുത്തുകാരനുമായി മാറാൻ കഴിഞ്ഞത്- ഇതായിരുന്നു ടി.കെ.യുടെ മറുപടി. പിരപ്പൻകോട് മുരളി എഴുതിയ എന്റെ ഒ.എൻ.വി. എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സി.പി.എമ്മിൽ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഘടകത്തിൽ നടന്ന ക്രൂശിത കഥകൾകൂടിയാണ് പുസ്തകത്തിൽ തെളിയുന്നത്.
വിമത സ്വീകരണം പാർട്ടിവക
: 1988 മാർച്ച് 31-ന് ഒ.എൻ.വി. അധ്യാപകജീവിതത്തിൽനിന്ന് ഔദ്യോഗികമായി വിരമിക്കുമ്പോൾ അദ്ദേഹത്തിന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി തലസ്ഥാനത്ത് യാത്രയയപ്പ് സമ്മേളനവും പൗരസ്വീകരണവും നൽകാൻ തീരുമാനിച്ചു. പാർട്ടിയിൽ പ്രശ്നങ്ങളുള്ള സമയം. എം.വി.ആർ. പാർട്ടിക്കെതിരേ വെല്ലുവിളി ഉയർത്തുന്ന ഘട്ടം. രാഘവനോട് കൂറുപുലർത്തിയ യുവജന നേതാക്കളിൽ പലരെയും ഇ.എം.എസ്., വി.എസ്., എസ്.ആർ.പി. എന്നിവർ അനുനയിപ്പിച്ച് കൂടെനിർത്തി. എന്നാൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അവരെ അപ്പാടെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
പൗരസ്വീകരണത്തിനു ജില്ലാ സെക്രട്ടറിയുടെ അനുമതി തേടി. ജില്ലാ പാർട്ടിയിലെ പരമോന്നതൻ കോളേജ് അധ്യാപക ഫ്രാക്ഷനിലെ സ്വന്തക്കാരെ വിളിച്ചുവരുത്തി ബദൽ യാത്രയയപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. പി.ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ പുരോഗമന കലാസാഹിത്യ സംഘം വിളിച്ച സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ സമ്മേളനം ഒഴിവാക്കണമെന്ന് ഒ.എൻ.വി. പറഞ്ഞു. പാർട്ടിയിലെ ഒരു വ്യക്തി ഈ സമ്മേളനം മാറ്റിവെച്ചില്ലെങ്കിൽ അത് മുരളിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് തന്നു. പിന്മാറിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഒ.എൻ.വി.യോടു മറുപടിയായി പറഞ്ഞു. ഞാനെന്നും മുരളിക്കൊപ്പമുണ്ടാകുമെന്ന് ഒ.എൻ.വി. പറഞ്ഞു.
കവി അന്ന് വി.എസിനൊപ്പമായിരുന്നു ഒ.എൻ.വി.യുടെ രാഷ്ട്രീയം തുറന്നുപറഞ്ഞ് പിരപ്പൻകോട് മുരളി ……
സ്വീകരണയോഗത്തിൽനിന്നു പിന്മാറില്ലെന്ന് ബോധ്യമായപ്പോൾ സംഘടനാ നേതാക്കളെ പിന്തിരിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഈ സമ്മേളനത്തിൽ ഉദ്ഘാടകനായ പ്രൊഫ. തിരുനെല്ലൂർ കരുണാകരൻ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തെ ചേരിതിരിഞ്ഞ് ആക്രമിച്ചാണ് പ്രസംഗിച്ചത്. ഇത് പി.ഗോവിന്ദപ്പിള്ളയും പിരപ്പൻകോട് മുരളിയും ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയാണെന്ന മട്ടിൽ ചിലർ സംസ്ഥാന-ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി. ഇതിനു പിന്നാലെ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിദ്ധീകരണമായ സർവീസസിൽ സിംഹാസനങ്ങൾ എന്ന പിരപ്പൻകോടിന്റെ കവിത അടിച്ചുവന്നു. ഇത് പാർട്ടി ജില്ലാ സെക്രട്ടറിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതാണെന്ന് പരാതി വേറെയും നൽകി. മലപ്പുറം എം.എസ്.പി. ക്യാമ്പിലെ കാഷ്യറായ മണമ്പൂർ രാജൻ ബാബുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ കരുണാകരൻ സർക്കാരിനെതിരേ എഴുതിയ കവിതയാണത്. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയിൽനിന്ന് പിരപ്പൻകോടിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തി.
അക്ഷരം നാവിന്മേൽ കളിയാടും മർത്യനെ ശത്രുവായ് കാണുന്നൊരുഗ്രമൂർത്തി കരിനാഗനിറമുള്ള ചക്രവർത്തി… -ഈ ബിംബങ്ങളെയാണ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു. പാർട്ടി നടപടിക്കു വിധേയനാകുന്ന സഖാവ് സ്മാർത്തവിചാരണയ്ക്കു വിധിക്കപ്പെട്ട നമ്പൂതിരി പെൺകുട്ടിയെപോലെയാണെന്നും പിരപ്പൻകോട് പറയുന്നു.
ഒ.എൻ.വി.ക്കും കമ്മിസാറന്മാരുടെ തിരസ്കാരം
പാർട്ടി ജില്ലാ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജില്ലാ നേതൃത്വം പറയത്തക്ക ഉത്തരവാദിത്വമൊന്നുംതന്നെ ഏൽപ്പിച്ചിരുന്നില്ല. അതുകൊണ്ട് സാംസ്കാരിക മേഖലയിൽ ഇടപെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞു. ഒ.എൻ.വി.യുടെയും പി.ജി.യുടെയും പിന്തുണയും സഹായവും ലഭിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആരംഭകാലത്ത് ഒ.എൻ.വി.യെ പ്രസ്ഥാനത്തിൽനിന്ന് ഒഴിവാക്കി നിർത്താൻ അന്ന് പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന പാർട്ടി നേതൃത്വത്തിൽ പിടിപാടുള്ള ചില സാഹിത്യകാരന്മാർ രഹസ്യമായി ശ്രമിച്ചിരുന്നു. പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര കമ്മിസാറന്മാരെ (പാർട്ടി സാംസ്കാരിക കേഡർമാരെ പാർട്ടിയുടെ പേരിൽ ഭീഷണിപ്പെടുത്തുന്ന ഓരോ കാലത്തെയും അവസരവാദി നേതാക്കളെ കവി വിളിക്കുന്ന പേര്) ബോധ്യപ്പെടുത്താൻ പ്രത്യയശാസ്ത്ര അച്ചടക്കപാലന നാട്യത്തിനോ അദ്ദേഹം തയ്യാറായിരുന്നില്ല.
ഒ.എൻ.വി.യെ സ്റ്റഡി സർക്കിൾ വേദിയിൽ വിളിക്കുന്നതിനോട് ദേശാഭിമാനിയിലെ വടക്കൻ ലോബിക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. പാർട്ടി ഉന്നത നേതൃത്വവുമായി അടുപ്പമുള്ള ചിലർ ഒ.എൻ.വി.യെ സി.പി.ഐ. ബുദ്ധിജീവിയാണെന്ന് അരക്കിട്ട് ഉറപ്പിക്കാനുള്ള തലയണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി ഒ.എൻ.വി. മത്സരിച്ച് പരാജയപ്പെട്ടതിനെക്കുറിച്ച് പിരപ്പൻകോട് എഴുതിയത് ഇങ്ങനെയാണ്- പള്ളിയും പട്ടക്കാരനും കരയോഗം നായരും നാടാരും നാടാർ സംഘവും പണച്ചാക്കുകളും പകൽ ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് നടക്കുകയും രാത്രി വർഗീയ കൂടാരങ്ങളിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഇടത്തരം ജീവനക്കാരുടെ സംഘടനാ കേഡർമാരും സ്ഥാനാർഥിമോഹികളായ വിപ്ലവകാരികളും ഒക്കെചേർന്ന് സംഘടിപ്പിച്ച അട്ടിമറിയിൽ ജനങ്ങൾ ഏറെ സ്നേഹിച്ച, ജനങ്ങളെ സ്നേഹിച്ച ഒ.എൻ.വി. എന്ന സ്ഥാനാർഥി തോറ്റു. വേലുത്തമ്പിയെയും സ്വാതിതിരുനാളിനെയും സ്വദേശാഭിമാനിയെയും ഒറ്റുകൊടുത്ത തിരുവനന്തപുരത്തെ വരേണ്യ സംസ്കാരം ഒരിക്കൽകൂടി അതിന്റെ പിന്തിരിപ്പൻ പതാക ഉയർത്തിക്കെട്ടി.
തോൽവിയിൽ അദ്ദേഹത്തിനു മനസ്താപമോ, നിരാശയോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ തിരഞ്ഞെടുപ്പോടെ കേന്ദ്രത്തിൽ അധികാരത്തിൽവന്ന ദേശീയ മുന്നണി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ തയ്യാറായപ്പോൾ അതു നിരസിക്കുമായിരുന്നില്ല.
പിന്നിൽനിന്നുള്ള കുത്ത്
പതിമൂന്നാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചു. പാർട്ടി കോൺഗ്രസ് വന്നിട്ടും കവിത എഴുതിയതിനുള്ള ശിക്ഷ ഇളവുചെയ്യാൻ തയ്യാറായില്ല. ലോക്കൽ സമ്മേളന പ്രതിനിധിയാക്കുന്നതിലും വരെ ഞങ്ങളുടെ ജില്ലാ അധിപൻ ഇടപെട്ടു. മേൽഘടകത്തിലെ ചില സഖാക്കളുടെ അനുരഞ്ജനഫലമായാണ് ഞാൻ ലോക്കൽ കമ്മിറ്റിയിൽ എത്തിയത്.
1991-ൽ ജില്ലാ കൗൺസിലിലേക്കാണ് ആദ്യ മത്സരം. വി.എസും ചടയനും എ.കെ.ജി. സെന്ററിലേക്കു വിളിപ്പിച്ചു. ജില്ലാ കൗൺസിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. പട്ടത്ത് മത്സരിക്കാം. അവിടെയാകുമ്പോൾ പാലം വലിക്കാൻ ആരും ഉണ്ടാകില്ലല്ലോയെന്നായിരുന്നു വി.എസ്. പറഞ്ഞത്. 1996-ൽ വാമനപുരത്ത് നിയമസഭയിലേക്കു മത്സരിക്കാനിറങ്ങുന്നത് പാർട്ടിക്കകത്ത് ഉൾപാർട്ടി ഉരുൾപൊട്ടലുള്ള കാലത്തായിരുന്നു. താൻകൂടി വിയർപ്പൊഴുക്കി ഉണ്ടാക്കിയ സംഘടനയുടെ അവിടത്തെ അധികാരികൾ എന്ന ഒരുയോഗത്തിൽപോലും പങ്കെടുപ്പിക്കാതെ അകറ്റിനിർത്തിയിരുന്ന കാലത്താണ് അവിടെ സ്ഥാനാർഥിവേഷത്തിൽ താൻ പ്രത്യക്ഷപ്പെടുന്നത്.
ഒ.എൻ.വി. എന്ന അരാഷ്ട്രീയത
: 2016-ലെ തിരഞ്ഞെടുപ്പിനു മുമ്പായി നവകേരള മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശംഖുംമുഖത്തായിരുന്നു സമാപനം. ഒ.എൻ.വി.യെ സംഘാടകസമിതി അധ്യക്ഷനാക്കണമെന്ന് ജില്ലയിലെ പാർട്ടി നേതാക്കൾക്ക് മോഹം. ഇതിനു സമ്മതം വാങ്ങിക്കാൻ തന്നോട് ആവശ്യപ്പെട്ടു. ഒ.എൻ.വി. രോഗബാധിതനും ക്ഷീണിതനുമായി കഴിയുന്ന ഘട്ടമായിരുന്നു അത്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി താൻ. എം.എ.ബേബിയെ ഏൽപ്പിക്കുന്നതാകും നല്ലതെന്ന് കടകംപള്ളി സുരേന്ദ്രനോടു പറഞ്ഞു.
കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ 50-ാം വാർഷികാഘോഷത്തിന്റെ സംഘാടകസമിതി ചെയർമാനായി ഒ.എൻ.വി.യെ നിശ്ചയിച്ചിരുന്നു. അന്ന് താനായിരുന്നു ജില്ലാ സെക്രട്ടറി. തന്റെ അരാഷ്ട്രീയതകൊണ്ടാണ് ഒ.എൻ.വി.യെ സംഘാടകസമിതി ചെയർമാനാക്കിയതെന്ന് വിമർശനമുന്നയിച്ചവരാണ് ഇന്ന് ഒ.എൻ.വി.യെ സംഘാടകസമിതി ചെയർമാനാക്കാൻ ഓടി നടക്കുന്നതെന്നോർത്ത് ഉള്ളാലെ ചിരിച്ചു- പുസ്തകത്തിലെ പിരപ്പൻകോടിന്റെ കുറിപ്പുകൾ ഇങ്ങനെ പോകുന്നു.
ഒ.എൻ.വി.യുടെ രാഷ്ട്രീയം 05
ente ONV Books written by PIRAPPANKODE MURAL