തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ ക്ലാസ് സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിന് 30 ലക്ഷം വരിക്കാർ. പരസ്യ വരുമാനത്തിലും വർധന. ഈ വകയിൽ 1. 26 കോടി രൂപയാണ് ചാനലിന് ലഭിച്ചത്. ഇതിൽ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറി. ബാക്കി തുക ഡിജിറ്റൽ ക്ലാസ് തയ്യാറാക്കാൻ ഉപയോഗിക്കും. യുട്യൂബ് സ്വന്തം നിലയിൽ ഉൾപ്പെടുത്തുന്ന പരസ്യങ്ങളാണുള്ളത്. ചാനൽ സ്വന്തം നിലയിൽ ക്ലാസുമായി ബന്ധപ്പെട്ടവയും നൽകിയിരുന്നു. അനാവശ്യ പരസ്യങ്ങൾ ഉൾപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഇനി സ്വന്തം നിലയിൽ വീഡിയോ പ്ലാറ്റ്ഫോം ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് സിഇഒ കെ അൻവർസാദത്ത് അറിയിച്ചു. യുട്യൂബുമായി ബന്ധിപ്പിച്ചിട്ടുള്ള www.firstbell.kite.kerala.gov.in വെബ്സൈറ്റിൽ ക്ലാസ് വിഷയം തിരിച്ച് കണ്ടെത്താൻ പ്രത്യേക സംവിധാനമുണ്ട്.