തിരുവനന്തപുരം
‘അതിദരിദ്രരില്ലാത്ത കേരളം’പദ്ധതിയിൽ അർഹരായ അതിഥിത്തൊഴിലാളികളെയും ഉൾപ്പെടുത്തും. അഞ്ച് വർഷത്തിൽ കൂടുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ അതിദരിദ്രരായ തൊഴിലാളികളെയാകും സർവേയിൽ പരിഗണിക്കുക. ജോലിക്കായി വന്നുപോകുന്നവരെ പരിഗണിക്കില്ല. ആദിവാസികൾ, പട്ടികജാതിവിഭാഗം, മത്സ്യത്തൊഴിലാളികൾ, നഗര ദരിദ്ര വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക മുൻഗണനയും നൽകും. സർവേ ശാസ്ത്രീയവും കുറ്റമറ്റതുമാക്കാൻ ജിയോ ടാഗിങ്ങും മൊബൈൽ ആപ്പും ഏർപ്പെടുത്തും.
ആശ്രയ പദ്ധതിയിൽ വരേണ്ടതും വിട്ടുപോയതുമായവരെ കണ്ടെത്തിയാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ നടപ്പാക്കുന്നത്. മാനദണ്ഡങ്ങൾക്ക് കഴിഞ്ഞദിവസം മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഭക്ഷണം–- പോഷകാഹാരം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ദരിദ്രരെ അതിതീവ്ര ക്ലേശം, തീവ്ര ക്ലേശം അനുഭവിക്കുന്നവരായി രേഖപ്പെടുത്തും. ചുവപ്പും ഓറഞ്ചും അടയാളം നൽകും. എച്ച്ഐവി ബാധിതരും അനാഥരായ കുട്ടികളുമുള്ള ബിപിഎൽ കുടുംബത്തിന് പ്രത്യേക പരിഗണന ലഭിക്കും. ഇതിന്റെ വിശദ പട്ടിക തദ്ദേശ വകുപ്പ് തയ്യാറാക്കി.
തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കേണ്ടത്. ഇതിനായി തദ്ദേശ സമിതിയും വാർഡ് സമിതിയും രൂപീകരിക്കും. ജില്ലാ ആസൂത്രണ സമിതി പൂർണ ചുമതല വഹിക്കും. സംസ്ഥാനതല നോഡൽ ഓഫീസറുമുണ്ട്. വാർഡ്, തദ്ദേശ സ്ഥാപനതലത്തിൽ സൂക്ഷ്മ പരിശോധന നടത്തിയാകും പട്ടിക പ്രസിദ്ധീകരിക്കുക.