തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി അധിക്ഷേപം പൊറുക്കാനാകില്ലെന്ന് എൻഡിഎയിലെ പ്രധാന ഘടകകക്ഷി ബിഡിജെഎസ്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിയിലേക്ക് വിളിച്ച് ചർച്ച നടത്തിയെങ്കിലും ഉറപ്പൊന്നുമുണ്ടായില്ല.
ദേശീയ അധ്യക്ഷനുൾപ്പെടെ കേരളത്തിലേക്ക് ഉടൻ വരുന്നുണ്ടെന്നും വിശദമായി ചർച്ച ചെയ്യാമെന്നും പറഞ്ഞു വിട്ടു. രാജ്യസഭാംഗത്വം, കോർപറേഷൻ- ബോർഡ് ഭാരവാഹിത്വം ആവശ്യങ്ങളും പരിഗണിച്ചില്ല. ഇനിയും കടിച്ചുതൂങ്ങേണ്ട എന്നാണ് ഭാരവാഹികളിൽ ഭൂരിപക്ഷവും പറയുന്നത്.
കൊടുങ്ങല്ലൂരുൾപ്പെടെ അവകാശപ്പെട്ട സീറ്റുകൾ പിടിച്ചെടുത്തതും വർക്കലയിൽ ബിജെപിക്കാർ തുഷാറിനെതിരെ പ്രകടനം നടത്തിയതും മറക്കാനാകില്ല. വേണമെങ്കിൽ താമര ചിഹ്നത്തിൽ മത്സരിച്ചോ എന്നാണ് ബിജെപി നേതാക്കൾ ആജ്ഞാപിച്ചതെന്നും ബിഡിജെഎസ് നേതാക്കൾ പറയുന്നു.