തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾക്ക് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) എന്നിവർ സംയുക്തമായി മാർഗരേഖ പുറപ്പെടുവിച്ചു.
കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോം ഉൾപ്പടെ ഉള്ള എല്ലാ മേഖലയ്ക്കും സൂചിപ്പിച്ച മാർഗ്ഗരേഖ ബാധകമായിരിക്കും.
നിർമ്മാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കുക. ഇൻഡോർ ഷൂട്ടിങ്ങുകൾക്ക് മാത്രമാണ് നിലവിലെ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പേരിനുള്ളിൽ നിജപ്പെടുത്തണം. ഇത് നടീ നടന്മാരുടെ സഹായികൾ ഉൾപ്പടെയുള്ള എണ്ണമാണ്.
ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ പേർ, രജിസ്ട്രേഡ് മൊബൈൽ നമ്പർ, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതിനു 48 മണിക്കൂർ മുമ്പുള്ള ആർ.ടി.പിസി.ആർ സർട്ടിഫിക്കറ്റ്, ഷൂട്ടിങ് ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കും ഫെഫ്കയിലേക്കും ഇമെയിൽ ചെയ്യണണം. രണ്ട് സംഘടനകളിലും ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ രജിസ്റ്റർ ഉണ്ടായിരിക്കും.
പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്, മേയ്ക്കപ്പ് ഡിപ്പാർട്ട്മെന്റ്, കോസ്റ്റിയൂം ഡിപ്പാർട്ട്മെന്റ് എന്നിവർ ജോലി സമയത്ത് കയ്യുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കണം. മാസ്കിന്റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോൾ പുതിയ മാസ്കുകൾ വിതരണം ചെയ്യുക. 80% ആൽക്കഹോൾ കണ്ടന്റുള്ള അംഗീകൃത ഹാൻഡ് സാനിറ്റൈസറുകളുടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 എം.എൽ. ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക. തീരുന്നതനുസരിച്ച് നൽകാനുള്ള ശേഖരം ഉറപ്പുവരുത്തുക.
സീനിന്റെ ആവശ്യാർത്ഥം ഒന്നിൽ കൂടുതൽ ആർട്ടിസ്റ്റുകൾ പ്രോപ്പർട്ടീസ് സ്പർശിക്കേണ്ടി വരുമ്പോൾ, സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ അതാത് ഡിപ്പാർട്ട്മെന്റിലുള്ള സെറ്റിലെ പ്രതിനിധികൾ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സഹസംവിധായകരുടെ മേൽനോട്ടം ഉണ്ടാകേണ്ടതുമാണ്.
ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സർക്കാർ സ്ഥാപന ങ്ങളുടെയോ ആളുകൾ പരിശോധിക്കാൻ എത്തിയാൽ പൂർണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നൽകേണ്ടതാണ്- തുടങ്ങിയവയാണ് മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ.
content highlights:cinema shooting various organizations issues joint directives