അബുദാബി > പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുമായി അബുദാബി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച രാത്രി സഞ്ചാര നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ദേശീയ അണുനശീകരണ യജ്ഞം നടക്കുന്ന രാത്രി 12 മണിമുതൽ പുലർച്ച അഞ്ചുവരെയാണ് സഞ്ചാരനിയന്ത്രണം. ഈ സമയത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത അത്യാവശ്യ കാരങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് അധികൃതർ വിലക്കിയിരിക്കുകയാണ്.
അത്യാവശ്യ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമർജൻസി ജോലികളിൽ ഏർപ്പെടാനും അനുമതിയുള്ളവർക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാവുന്നതാണ്. ഇതിനുള്ള പോലീസ് അനുവാദം ലഭ്യമാക്കുന്നതിന് അബുദാബി പോലീസിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അപേക്ഷിക്കേണ്ടതാണ്.
അനുവാദമില്ലാതെ വെളിയിലിറങ്ങുന്നവർ റഡാറുകളുടെ സഹായത്തോടെ പിടികൂടി പിഴ ഈടാക്കും.
ഇന്ന് പുലർച്ച അഞ്ചു വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടന്നു.