പെട്രോൾ പൂശാൻ കിട്ടുകയോ? തെറ്റിദ്ധരിക്കല്ലേ! ആണ് പ്രശസ്ത വാഹന നിർമാതാക്കളായ ഫോർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പക്ഷെ പെട്രോളിന് വില കൂടിയ സ്ഥിതിക്ക് ഒന്ന് മണപ്പിക്കാൻ എന്ന നിലയ്ക്കല്ല. തങ്ങളുടെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കൾക്ക് വേണ്ടിയാണ്. ഇന്ത്യയിൽ ഫോർഡിന്റെ ഇലക്ട്രിക്ക് വാഹനമില്ലെങ്കിലും ഇംഗ്ലണ്ടിൽ അതല്ല സ്ഥിതി. മസ്താങ് മാച്ച്-ഇ എന്ന പേരിൽ ഫോർഡിന്റെ ഇലക്ട്രിക്ക് കാർ അവിടെ വിൽക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം.
ഇലക്ട്രിക്ക് കാർ ഉടമകൾക്ക് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂമോ?
ഫോർഡ് കമ്മീഷൻ ചെയ്ത സർവേയിൽ പങ്കെടുത്ത അഞ്ച് ഡ്രൈവർമാരിൽ ഒരാൾ എന്ന കണക്കിൽ ഇലക്ട്രിക് വാഹനത്തിലേക്ക് മാറുമ്പോൾ പെട്രോളിന്റെ ഗന്ധമാണ് തങ്ങൾക്ക് ഏറ്റവും മിസ് ചെയ്യുന്നതത്രെ. 70 ശതമാനം പേരും പെട്രോളിന്റെ ഗന്ധം ഇലക്ട്രിക്ക് വാഹനങ്ങളിൽ ഇല്ല എന്നത് ഒരു കുറവായി കാണുന്നു. രസകരമായ കാര്യം വീഞ്ഞിനേക്കാളും ചീസിനേക്കാളും പ്രീയമുള്ള സുഗന്ധമായി ജനങ്ങൾ തിരഞ്ഞെടുത്തത് പെട്രോളിന്റെ ഗന്ധമാണ്.
ഇതോടെയാണ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കാൻ ഫോർഡ് തീരുമാനിച്ചത്. പ്രശസ്ത പെർഫ്യൂം കൺസൾട്ടൻസി, ഓൾഫിക്ഷനുമായി ചേർന്നാണ് ഫോർഡ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയത്. ഏറ്റവും പ്രശസ്തമായ ചില പെർഫ്യൂം സൃഷ്ടിക്കുന്നതിൽ പ്രവർത്തിച്ച ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെർഫ്യൂമേഴ്‌സിലെ അസോസിയേറ്റ് പെർഫ്യൂമറായ പിയ ലോംഗ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം നിർമ്മിക്കാൻ സഹായിച്ചിട്ടുണ്ട്.
കാർ ഇന്റീരിയർ, എഞ്ചിനുകൾ, പെട്രോൾ എന്നിവയിൽ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കൾ പരിശോധിച്ചാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കാർ ഇന്റീരിയറുകൾ നൽകുന്ന ബദാം പോലുള്ള സുഗന്ധമുള്ള ബെൻസാൾഡിഹൈഡ്, ടയറുകളുടെ റബ്ബർ സുഗന്ധം സൃഷ്ടിക്കുന്നതിൽ പ്രധാനമായ പാരാ ക്രെസോൾ എന്നിവ പെർഫ്യൂമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇഞ്ചി, ലാവെൻഡർ, ജെറേനിയം, ചന്ദനം തുടങ്ങിയ ചേരുവകൾ കൂടെ ചേർത്താണ് പെട്രോളിന്റെ ഗന്ധം പെർഫ്യൂമിന് തയ്യാറാക്കിയത്.
അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന വാഹന കാർണിവൽ ഗുഡ്-വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ആണ് ഫോർഡ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം അവതരിപ്പിച്ചത്. അതെ സമയം വിപണിയിൽ ഈ പെർഫ്യൂം വില്പനക്കെത്തിക്കുമോ എന്ന് ഫോർഡ് വെളിപ്പെടുത്തിയിട്ടില്ല.