ന്യൂഡൽഹി > ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ വിവരങ്ങൾ ചോർത്തുവെന്ന വിഷയം രാജ്യസഭയ്ക്ക് മുന്നിൽ കൊണ്ടുവന്നത് 2019 ൽ. സിപിഐ എം രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷ് ആണ് അന്ന് പെഗാസസ് ഉപയോഗത്തെക്കുറിച്ച് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഇന്നലെയാണ് കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ പാർടി നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോൺ വിവരം ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തുവിട്ടത്.
2019 നവംബർ 28 ന് കെ കെ രാഗേഷ് വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ‘ഡാറ്റാ സുരക്ഷാ നിയമം’ അടിയന്തിരമായി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ രാജ്യസഭ ടി.വിയുടെ യുട്യൂബ് ചാനലിലും ഉണ്ട്.
അന്ന് കെ കെ രാഗേഷ് രാജ്യസഭയിൽ പറഞ്ഞത്:
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ൽ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇതുസംബന്ധിച്ച കരട് ബിൽ കേന്ദ്രസർക്കാറിന്റെ മുന്നിലുണ്ട്.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോൺരേഖകൾ കേന്ദ്രസർക്കാർ ചോർത്തുകയാണ്. വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് മെയ് -സെപ്തംബർ മാസങ്ങളിൽ ഫെയ്സ്ബുക്ക് കമ്പനി കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാർ മറച്ചുവെച്ചത് ദുരൂഹമാണ്.
പെഗാസസ് സോഫ്റ്റ്വെയർ സർക്കാരുകൾക്കോ സർക്കാർ ഏജൻസികൾക്കോ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ്വെയർ ഉടമകളായ ഇസ്രായേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഈ സോഫ്റ്റ്വെയർ വാങ്ങി വിവരം ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തം. നാം ഇപ്പോഴും ജീവിക്കുന്നത് ജനാധിപത്യരാഷ്ട്രത്തിലാണ്, പൗരാവകാശങ്ങൾ നിരാകരിക്കപ്പെട്ട ‘സർവ്വെയിലെൻസ് സ്റ്റേറ്റി’ൽ അല്ല ‐ രാഗേഷ് 2019 നവംബർ 28 ന് രാജ്യസഭയിൽ പറഞ്ഞു.
ദ വയർ, വാഷിങ്ടൺ പോസ്റ്റ്, ദ ഗാർഡിയൻ, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങൾ “പെഗാസസ് പ്രോജക്ട്’ എന്ന പേരിൽ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന ഡൽഹി കേന്ദ്രമായ ഒരുകൂട്ടം മാധ്യമങ്ങളാണ് ചോർത്തലിന് ഇരയായത്. ദ വയർ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, അമിത് ഷായുടെ മകൻ ജയ് ഷായുടെ വരുമാന വർധന റിപ്പോർട്ട് ചെയ്ത രോഹിണി സിങ്, റഫേൽ അഴിമതി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസിലെ സുശാന്ത് സിങ്, ന്യൂസ് ക്ലിക്കിലെ പരഞ്ജോയ് ഗുഹ താക്കൂർത്ത, ഹിന്ദുസ്ഥാൻ ടൈംസിലെ എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, പ്രശാന്ത് ഝാ, രാഹുൽ സിങ്, ഇന്ത്യൻ എക്സ്പ്രസിലെ റിതിക ചോപ്ര, മുസമ്മിൽ ജമീൽ, ഇന്ത്യ ടുഡെയിലെ സന്ദീപ് ഉണ്ണിത്താൻ തുടങ്ങിയവർ ചോർത്തപ്പെട്ടു.
ബിജെപി അനുകൂല പത്രമായ പയനീറിലെ മലയാളി മാധ്യമപ്രവർത്തകൻ ജെ ഗോപീകൃഷ്ണനും പട്ടികയിലുണ്ട്. മലയാളിയായ പ്രൊഫസർ ഹാനിബാബു ഉൾപ്പെടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ, വിദ്യാഭ്യാസ വിദഗ്ധർ, അഭിഭാഷകർ എന്നീ എട്ടുപേരുടെ ഫോണുകളും ചോർത്തി.