തിരുവനന്തപുരം > രാജ്യത്ത് കോളേജുകളിൽ പുതിയ ബാച്ച് ഒക്ടോബർ ഒന്നിന് ആരംഭിക്കണമെന്നാണ് യുജിസി നിർദേശമെങ്കിലും കേരളത്തിൽ ക്ലാസുകൾ നേരത്തേ ആരംഭിക്കാനാകും. പ്രവേശന നടപടി സെപ്തംബർ 30നകം പൂർത്തിയാക്കണമെന്നാണ് യുജിസി നിർദേശം. ഇവിടെ ആഗസ്തിൽ ബിരുദ പ്രവേശന നടപടി പൂർത്തിയാക്കാനാകും.
കോവിഡ് മഹാമാരി പശ്ചാത്തലത്തിലും അതീവ ജാഗ്രതയോടെ പ്ലസ്ടു, അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ നടത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോളേജുകളിലും സർവകലാശാല ക്യാമ്പസുകളിലും ഒരു മാസം നേരത്തേയെങ്കിലും പ്രവേശന നടപടി പൂർത്തിയാക്കാനാവുന്നത്. ബിരുദാനന്തര ബിരുദ ക്ലാസും പ്രതീക്ഷിക്കുന്നതിലും നേരത്തേ ആരംഭിക്കാനാകും.
പ്ലസ്ടു ഫലം ഈ മാസം പ്രസിദ്ധീകരിക്കുന്നതോടെ ആഗസ്ത് ആദ്യവാരം ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാനാകും. പ്രവേശന പ്രക്രിയ ഓണ്ലൈനായതിനാൽ വേഗത്തിൽ പൂർത്തിയാക്കാനാകും.
എൻജിനിയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് അഞ്ചിനാണ്. ഈ പരീക്ഷ ഒന്നിലേറെ തവണ മാറ്റിവയ്ക്കേണ്ടിവന്നതിനാൽ സാങ്കേതിക സർവകലാശാലയ്ക്കുമാത്രം പ്രവേശന നടപടി പൂർത്തിയാക്കാൻ സമയം വേണ്ടിവരും. ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള കേരള, എംജി, കലിക്കറ്റ്, കണ്ണൂർ തുടങ്ങിയ സർവകലാശാല പ്രവേശനം പൂർണമായും ഡിജിറ്റൈസ് ചെയ്തതിനാൽ ആഗസ്തിൽ നടപടി പൂർത്തിയാക്കി സെപ്തംബറിൽ ക്ലാസ് ആരംഭിക്കാനാകും.