ന്യൂഡൽഹി > നവ്ജോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർ. രാജ്യസഭാംഗം പ്രതാപ്സിങ് ബജ്വയുടെ വസതിയിൽ യോഗം ചേർന്ന എംപിമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സിദ്ദുവിനോടുള്ള എതിർപ്പറിയിക്കാനും തീരുമാനിച്ചു.
നാലര വർഷവും തികച്ചും നിരുത്തരവാദപരമായാണ് സിദ്ദു പെരുമാറിയതെന്നും സംഘടനയിൽ പിടിപാടില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടി. സിദ്ദുവിനെതിരായ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുമെന്നും എന്നാൽ സോണിയ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്നും യോഗത്തിനുശേഷം ബജ്വ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള ഹൈക്കമാൻഡ് പദ്ധതി ഉപാധികളോടെ മുഖ്യമന്ത്രി അമരീന്ദർ അംഗീകരിച്ചിരുന്നു. പിന്നാലെയാണ് എംപിമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. സർക്കാരിനെതിരെ നടത്തിയ പ്രസ്താവനകൾക്ക് സിദ്ദു പരസ്യമായി മാപ്പ് പറയണമെന്നും മന്ത്രിസഭാ പുനഃസംഘടനയിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കണമെന്നുമായിരുന്നു അമരീന്ദറിന്റെ ഉപാധി.
2017ൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരമേറ്റതുമുതൽ അമരീന്ദറും സിദ്ദുവും രണ്ട് ചേരിയാണ്. കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർടിയിലും സർക്കാരിലും പുനഃസംഘടന എന്ന പദ്ധതി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുന്നോട്ടുവച്ചത്.