കോഴിക്കോട് > അനധികൃതമായി നിർമിച്ച ആഡംബര വീടിന് പുതിയ അവകാശികളെ കണ്ടെത്തിയതിന് പിന്നിൽ കെ എം ഷാജിയുടെ കുടില ബുദ്ധി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽനിന്ന് തലയൂരാനുള്ള എളുപ്പവഴിയായാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജി പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നാണ് വിജിലൻസ് അന്വേഷകസംഘത്തിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് മാലൂർക്കുന്നിൽ 5420 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 1.62 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ആഡംബരസൗകര്യമുള്ള വീടാണ് ഭാര്യയുടെ പേരിൽ നിർമിച്ചത്. നിർമാണത്തിനുള്ള തുക കണ്ടെത്തിയത് അനധികൃത സമ്പാദ്യത്തിൽ നിന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. എംഎൽഎ ആയിരിക്കെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ വാങ്ങിയ കോഴപ്പണവും വീടുണ്ടാക്കാൻ ഉപയോഗിച്ചെന്ന് ആക്ഷേപമുണ്ട്. കോടതി നിർദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക യൂണിറ്റ് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നു.
വരുമാന ഉറവിടം വെളിപ്പെടുത്താൻ ഇതേവരെ ഷാജിക്കായിട്ടില്ല. ഇതിനിടെയാണ് വീടിന്റെ ചുറ്റുമതിൽ നിർമിച്ചത് സമീപത്തെ സ്ഥലങ്ങൾ കൈയേറിയാണെന്ന് പുറത്തറിഞ്ഞത്. വേങ്ങേരി സ്വദേശി അലി അക്ബർ, അഫ്സ എന്നിവരുടെ പേരിലാണ് വീടിനോട് ചേർന്ന സ്ഥലം രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടി വീടിന്റെ ഉടമസ്ഥാവകാശത്തിലേക്ക് കൊണ്ടുവന്നാൽ ചെലവായ തുകയുടെ മൂന്നിലൊന്നിനേ കണക്ക് പറയേണ്ടേൂ എന്ന ഗൂഢബുദ്ധിയാണ് പുതിയ തന്ത്രത്തിന് ഷാജിയെ പ്രേരിപ്പിച്ചത്. എന്നാൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് ഒരപേക്ഷയിലും ഇടപെടാത്ത പുതിയ രണ്ടുപേർ ഉടമസ്ഥ സർട്ടിഫിക്കറ്റിന് എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായി. ഇക്കാര്യത്തിൽ വിജിലൻസും ഇടപെട്ടതോടെയാണ് നിയമോപദേശം തേടിയശേഷം ഉടമസ്ഥാവകാശത്തിൽ തീരുമാനമെന്ന് കോർപറേഷൻ തീരുമാനിച്ചത്.