ആലപ്പുഴ > വിവിധയിടങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ ആലപ്പുഴ പൊലീസ് പിടികൂടി. കണ്ണൂർ മാടായി പഞ്ചായത്ത് 14ാം വാർഡ് പുതിയങ്ങാടി സിവ്യുവിൽ പി സി ഷക്കീലിനെയാണ് (40) അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലായി ബാങ്ക്വായ്പയടക്കം കോടികളുടെ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. ആലപ്പുഴ കൊമ്മാടി സ്വദേശിയായ റിട്ട. അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥൻ കൃഷ്ണക്കുറുപ്പിന്റെ 50 സെന്റ് സ്ഥലം കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.
ദേശീയപാതയോരത്ത് 75 ലക്ഷം രൂപ വിലയുള്ള ഭൂമി ഫ്ലാറ്റ് നിർമാണത്തിന്റെ പേരിൽ ഷക്കീൽ തട്ടിയെടുത്തെന്നാണ് കേസ്. സ്വന്തം പേരിൽ കൺസ്ട്രക്ഷൻ കമ്പനിയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംരംഭത്തിൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ജോൺ എന്നയാളുമൊത്ത് കൃഷ്ണക്കുറുപ്പിനെ സമീപിച്ചത്. വിശ്വാസം നേടാനായി വിശദമായ കരാറുണ്ടാക്കി. വായ്പയെടുക്കാനെന്ന പേരിൽ വസ്തു ഷക്കീലിന്റെ പേരിലേക്ക് മാറ്റിയശേഷം മറ്റെരാൾക്ക് മറിച്ചു വിറ്റ് മുങ്ങുകയായിരുന്നു. വസ്തു മേടിച്ചയാൾ എത്തിയപ്പോഴാണ് കൃഷ്ണക്കുറുപ്പിന് തട്ടിപ്പ് മനസിലാകുന്നത്. തുടർന്ന് പരാതി നൽകി. 2015ൽ മണ്ണഞ്ചേരി പൊലീസ് ഷക്കീലിനും ജോണിനുമെതിരെ കേസെടുത്തു. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് കണ്ടെത്താനായതോടെ ഡിസിആർബിക്ക് കൈമാറുകയായിരുന്നു. ഡിസിആർബി ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം തോപ്പുംപടിയിലെ താമസസ്ഥലത്തുനിന്നാണ് ഷക്കീലിനെ പിടികൂടിയത്.
പരിശോധനയിൽ നിരവധി ദുരൂഹ സാമ്പത്തിക ഇടപാടുകളുടെ രേഖകളും 2.56 ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ച പുതിയ ആഢംബര കാറും പൊലീസ് പിടിച്ചെടുത്തു. കോട്ടയം സ്വദേശിയായ സ്ത്രീയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതിന് കോട്ടയം ക്രൈംബ്രാഞ്ചിലും സമാനകേസുണ്ട്. എറണാകുളം വല്ലാർപാടം ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് 75 ലക്ഷം രൂപയുടെ വായ്പ മറ്റൊരാളുടെ പേരിൽ തട്ടിയെടുത്തിനും കേസുണ്ട്. ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റാൻ വൻ വിലയുള്ള ആഡംബര കാറുകൾ ഉപയോഗിക്കുമെന്നും തട്ടിപ്പിന് ശേഷം ഒളിവിൽ കഴിയുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. നിയമക്കുരുക്കിൽപ്പെട്ട വസ്തു ഉടമകളെ സമീപിച്ച് ഭൂമി ഏറ്റെടുത്ത ശേഷം വിവിധ ബാങ്കുകളിൽനിന്ന് വായ്പ തട്ടിയതിനും കേസുകളുണ്ട്. ഇയാളുടെ മറ്റ് ഇടപാടുകൾ സംബന്ധിച്ചും വിശദ പരിശോധന നടത്തും. ഡിസിആർബി ഡിവൈഎസ്പി വിദ്യാധരൻ, എസ്ഐമാരായ സാബു, അനിൽകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ കുടുക്കിയത് കാറും ഫോട്ടോയും
സാമ്പത്തിക തട്ടിപ്പ് കേസിൽ മുങ്ങി നടന്ന കണ്ണൂർ മാടായി പഞ്ചായത്ത് 14ാം വാർഡ് പുതിയങ്ങാടി സിവ്യുവിൽ പി സി ഷക്കീലിനെ കുടുക്കിയത് പുത്തൻ കാറും ജിപിഎസും ഫോട്ടോയും . ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ ലഭിച്ച വിവരത്തിനൊപ്പം ഇയാൾ പുത്തൻ സ്കോഡ കാർ ഉപയോഗിക്കുന്നതായും കണ്ടെത്തി. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്കോഡ ഷോറൂമിൽ പോയി അന്വേഷിച്ചതോടെ കാറിനെ പിന്തുടരാൻ പൊലീസിനായി. ജിപിഎസുള്ള കാറിന്റെ ലൊക്കേഷനും മറ്റും ഷോറൂമുകാർ പൊലീസിന് നൽകി. തുടർന്ന് ഇയാളുടെ സഹായിയും കാറും പിടികൂടി. സഹായിയിൽ നിന്ന് ഒളിവിടം കണ്ടെത്തുകയായിരുന്നു. മാടായിയിലെ വീട്ടിൽ ഇയാൾ ചെല്ലാറില്ല. അവിടെനിന്ന് കിട്ടിയ ഫോട്ടോയാണ് ലുക്ക് ഔട്ട് നോട്ടീസിന് ഉപയോഗിച്ചത്. ഒരിടത്തും സ്ഥിരമായി താമസിക്കില്ല.
അമിത വേഗത്തിന് 186 കേസ്
അമിതവേഗതയിൽ വാഹനമോടിച്ചതിന് 186 കേസ് ഷക്കീലിനെതിരെയുണ്ട്. ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ഇത്രയും പിഴ നോട്ടീസുകൾ പൊലീസ് കണ്ടെത്തിയത്. ഇവയിൽ ഒന്ന് പോലും അടച്ചിട്ടില്ല. സ്കോഡ കൂടാതെ ഓഡി കാർ ഉപയോഗിച്ചതായും കണ്ടെത്തി. പുത്തൻ സ്കോഡ കാർ നാലുമാസമായിട്ടും രജിസ്റ്റർ ചെയ്തിട്ടില്ല.