തൃശൂർ > ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് വിഷയത്തിൽ ലീഗിന് കീഴ്പെട്ട് കോൺഗ്രസും അവസാരവാദ നിലപാട് എടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ലീഗിന്റെ നിലപാടിനെ നിരാകരിക്കുന്നതിന് യുഡിഎഫിന് കഴിയുന്നില്ല. പകരം ജാതി സ്പർധ വർധിപ്പിച്ച് കേരളത്തെിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം വിയ്യൂർ ലോക്കൽ കമ്മിറ്റി തന്നേങ്കാട് ചക്കാലക്കപ്പറമ്പിൽ പരേതനായ രഘുനാഥിന്റെ കുടുംബത്തിന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയെ തുടർന്നാണ് സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിന് തീരുമാനമെടുക്കേണ്ടിവന്നത്. നിലവിൽ സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് കുറവുവരുത്താതെ, കിട്ടാത്തവർക്കും ആനുകൂല്യങ്ങൾ ലഭിക്കതക്ക വിധമാണ് തീരുമാനം.
തികയാത്ത പണം സർക്കാർ വഹിക്കും. കോടതി ഉത്തരവിൽ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാർട്ടിക്കാരെയും വിളിച്ച് ചർച്ച ചെയ്തു. പൊതു അഭിപ്രായത്തിന്റെ പാശ്ചാത്തലത്തിലാണ് തീരുമാനം. എന്നാലിപ്പോൾ യുഡിഎഫ് തർക്കമുണ്ടാക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തെ മതസൗഹാർദം തകർക്കാൻ ലീഗ് പ്രസ്താവനയിറക്കുന്നു. യുഡിഎഫിനകത്തും പരസ്പരം തർക്കം നടക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കലാണ് ലക്ഷ്യം.
രാജ്യം ഭരിക്കുന്ന ബിജെപിയും മതത്തിന്റെ പേരിൽ ജനങ്ങളെ ചേരിതിരിപ്പിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തീവ്രഹിന്ദുത്വവാദം, മതമൗലിക വാദം എന്നിങ്ങനെ വിദ്വേഷത്തിന്റെ വിഷവിത്തുകൾ പാവുന്നു. പലയിടങ്ങളിലും ഒരേ മതക്കാർ പരസ്പരം തോക്കെടുക്കുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ദീഖിയെ കൊലപ്പെടുത്തിയത് മതവിദ്വേഷത്തിന്റെ അപകടരമായ സൂചനയാണ്. ഈ മതാതിഷ്ഠിത രാഷ്ട്രീയം നാടിന് ആപത്താണ്.
എന്നാൽ സിപിഐ എം മതനിരപേക്ഷതയുടെ കാവൽക്കാരാണ്. വിദ്വേഷമല്ല, മനുഷ്യനെ ഒന്നിപ്പിക്കലാണ് രാഷ്ട്രീയം. ശാസ്ത്രബോധമാണ് വളർത്തിയെടുക്കുന്നത്. വീടില്ലാത്തവർക്ക് സിപിഐ എം സ്നേഹവീട് നിർമിച്ചു നൽകുമ്പോഴും മതവും ജാതിയും അടയാളപ്പെടുത്താതെ മനുഷ്യത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. സമൂഹക്കൂട്ടായ്മയിലൂടെ ജനങ്ങളുടെ ഒപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയതെന്നും വിജയരാഘവൻ പറഞ്ഞു. ചടങ്ങിൽ വിയ്യൂർ ലോക്കൽ സെക്രട്ടറി ടി എസ് സുമേഷ് അധ്യക്ഷനായി.