ഈ മനുഷ്യാവസ്ഥയുടെ ചിത്രങ്ങൾ പകർത്താനാണ് മനുഷ്യദുഖങ്ങളുടെ ചിത്രകാരനായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ എത്തിയത്. അവിടെ വച്ച് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ലോകം മുഴുവൻ ഈ കൊലയെ അപലപിച്ചു. ഇന്ത്യയിലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരും താലിബാനും ഒഴികെ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
യുവ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഗാധമായ ദുഃഖമാണ് എനിക്കുണ്ടായത്. അഫ്ഗാനിസ്ഥാനിൽ ലോകം പുലർത്തുന്ന നിസ്സംഗതയുടെ ഇരയാണ് തൻറെ പ്രൊഫഷനോട് സമർപ്പിത ജീവിതം നയിച്ച ഈ അസാധാരണ പ്രതിഭാശാലി.
അഫ്ഗാനിസ്ഥാനിലെ പുരോഗമന ജനകീയ ഗവണ്മന്റിനെയും അതിനു സോവിയറ്റ് യൂണിയൻ ഉൾപ്പടെ, അന്നു സുശക്തമായിരുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മയോട് നിലനിന്നിരുന്ന സൌഹാർദ്ദ സഹകരണങ്ങളെയും തകർക്കുക എന്നത് ആഗോളസാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്ക ആരംഭിച്ച കടന്നു കയറ്റത്തിൻറെ ഇരയാണ് അഫ്ഗാനിസ്ഥാൻ ഇന്ന്. ഇതിനുവേണ്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം കുത്തിവച്ച് അമേരിക്ക ആദ്യം താലിബാനെ വളർത്തി.
പിന്നെ നേരിട്ട് സൈന്യത്തെ അയച്ചു ഇടപെടുകയും ഭരണം തന്നെ ഏറ്റെടുക്കുകയും ചെയ്തു. അനന്തമായ അധിനിവേശം ലാഭകരമല്ലെന്നു കണ്ട് സൈന്യത്തെ പിൻവലിച്ചപ്പോൾ വീണ്ടും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ താലിബാന് മുന്നിലേക്ക് നിർദ്ദയം വലിച്ചെറിയുകയാണ് അമേരിക്ക ചെയ്തത്. പാകിസ്ഥാനിലെ അമേരിക്കൻ പക്ഷ ഭരണകൂടവും താലിബാന് കുടപിടിക്കുന്നു. അസാധാരണമായ ഒരു അവസ്ഥയിലേക്കാണ് അവിടത്തെ ജനങ്ങൾ വന്നു വീണിരിക്കുന്നത്.
ഈ മനുഷ്യാവസ്ഥയുടെ ചിത്രങ്ങൾ പകർത്താനാണ് മനുഷ്യദുഖങ്ങളുടെ ചിത്രകാരനായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ എത്തിയത്. അവിടെ വച്ച് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ലോകം മുഴുവൻ ഈ കൊലയെ അപലപിച്ചു. ഇന്ത്യയിലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരും താലിബാനും ഒഴികെ, ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ഈ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ചിന്തയെയും സ്വതന്ത്ര പത്രപ്രവർത്തനത്തെയും പേടിക്കുന്ന ഇന്ത്യൻ സർക്കാർ ഡാനിഷ് സിദ്ദിഖി എന്ന, പുലിസ്റ്റർ പുരസ്കാരം നേടിയ ഏക ഇന്ത്യൻ പൗരൻറെ അകാലനിര്യാണത്തിൽ, അതും ഫോട്ടോ എടുക്കുന്നതിനിടയിലുള്ള ദാരുണ മരണത്തിൽ ദുഖിക്കാതിരിക്കുന്നത്, മോഡി സർക്കാരിൽനിന്ന് പ്രതീക്ഷിക്കാത്തതല്ലെങ്കിലും പ്രതിഷേധാർഹമാണ്.