വിവിധ മതസമുദായങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ വേണ്ടതെന്തോ അതിനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. അല്ലാതെ കലക്കുവെള്ളത്തിൽ മീൻ പിടിക്കാനും തീപ്പൊരി വിതറി ആളിക്കത്തിക്കാനുമല്ല. അവനവൻ ഇരിക്കുന്ന കൊമ്പ് ജമാഅത്തെ ഇസ്ലാമിയുടെ ദുർബോധനത്തിൽ പെട്ട് ലീഗ് സ്വയം മുറിച്ച് താഴെ വീഴാതെ നോക്കിയാൽ അവർക്കു നന്ന്. ഡോ. കെ ടി ജലീൽ എഴുതുന്നു.
“സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ലിം പിന്നോക്കാവസ്ഥയെ സംബന്ധിക്കുന്ന മാത്രം പഠനമാണ്. അല്ലാതെ രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും കുറിച്ചല്ല. അതിനാൽ സച്ചാർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ മുസ്ലിങ്ങൾക്ക് മാത്രമാകണം”.
മേൽപ്പറഞ്ഞതാണ് ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വാദമെങ്കിൽ ചില കാര്യങ്ങൾക്ക് അവർ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്.
1) സച്ചാർ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ രണ്ടാം UPA സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരുകളോ നടപ്പിലാക്കിയ പദ്ധതികളിൽ മദ്രസ്സാ നവീകരണമൊഴിച്ച് മറ്റേതെങ്കിലും ഒരു പദ്ധതി മുസ്ലിങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
2) സച്ചാർ റിപ്പോർട്ടിനെ തുടർന്ന് രണ്ടാം UPA സർക്കാരിൻ്റെ കാലത്ത് ആവിഷ്കരിച്ച ഏതെങ്കിലും സ്കോളർഷിപ്പുകളോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ മുസ്ലിങ്ങൾക്ക് മാത്രം നൽകിയതിന് വല്ല തെളിവുമുണ്ടോ?
3) സച്ചാർ ശുപാർശയുടെ പശ്ചാതലത്തിൽ രണ്ടാം UPA സർക്കാർ അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ്സുകൾ കേരളമുൾപ്പടെ നാലു സംസ്ഥാനങ്ങളിൽ ആരംഭിച്ചു. കേരളത്തിലേതുൾപ്പടെ ഇങ്ങിനെ ആരംഭിച്ച സെൻ്റെറുകളിൽ മുസ്ലിം കുട്ടികൾക്ക് മാത്രമാണോ പ്രവേശനം നൽകിയിട്ടുള്ളത്?
3) സച്ചാർ റിപ്പോർട്ട് മുസ്ലിം പുരോഗതി മാത്രം ലക്ഷ്യം വെച്ചായിരുന്നെങ്കിൽ എന്തേ രണ്ടാം UPA സർക്കാർ ”മുസ്ലിം വികസന ഡിപ്പാർട്ടുമെൻറുണ്ടാക്കാൻ പറഞ്ഞില്ല? മൻമോഹൻ സിംഗിൻ്റെ സർക്കാർ ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റ് ഉണ്ടാക്കാനല്ലേ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചത്?
4) വർഷങ്ങൾക്ക് മുമ്പ് മുസ്ലിം പെൺകുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ സ്കോളർഷിപ്പ് സി.എച്ച്. മുഹമ്മദ് കോയാ സാഹിബ് ഏർപ്പെടുത്തിയപ്പോൾ അതിൽ നാടാർ സമുദായത്തിൽ പെടുന്ന ഹൈന്ദവ – ക്രൈസ്തവ പെൺകുട്ടികളെയും ഉൾപെടുത്തി മുസ്ലിം -നാടാർ കോളർഷിപ്പെന്ന് നാമകരണം ചെയ്തത് ജമാഅത്തെ ഇസ്ലാമിക്ക് ഓർമ്മകാണില്ല. പക്ഷെ ലീഗിന് അത് മറക്കാനാകുമോ? സി.എച്ചിൻ്റെ രീതി തന്നെയല്ലേ പാലൊളി കമ്മിറ്റിയും പദ്ധതികൾ നടപ്പിലാക്കിയപ്പോൾ അവലംബിച്ചത്?
ഇനി പുതിയ വിവാദത്തിലേക്കു വരാം.
നൂറുരൂപയാണ് ന്യൂനപക്ഷ സ്കോളർഷിപ്പിന് സർക്കാർ നീക്കിവെച്ചത് എന്ന് കരുതുക. കഴിഞ്ഞ പതിനൊന്ന് വർഷമായി അതിൽ 80 മുസ്ലിം കുട്ടികൾക്ക് ഓരോ രൂപാ വീതം 80 രൂപയും 20 ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഓരോ രൂപ വീതം 20 രൂപയുമാണ് നൽകിപ്പോന്നിരുന്നത് എന്നും വിചാരിക്കുക.
ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു സംഘടന ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി വിധി പറഞ്ഞതിങ്ങനെ; ‘ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ്പ് അവരിലെ ജനസംഖ്യാനുസൃതമായാണ് നൽകേണ്ടത്. വർഷങ്ങളായി തുടർന്നുപോന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80:20 അനുപാതം കോടതി റദ്ദ് ചെയ്യുന്നു’.
വിധി വന്ന ഉടൻ പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് എല്ലാ രാഷ്ടീയ പാർട്ടികളുടെയും ഒരു യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തു. ഒരു വിഭാഗത്തിനും നഷ്ടം വരാത്തവിധം രമ്യമായി സ്കോളർഷിപ്പ് അനുപാത വിവാദം അവസാനിപ്പിക്കാൻ ഏവർക്കും സ്വീകാര്യമായ ഒരു ഫോർമുല സർക്കാർ മുന്നോട്ടു വെച്ചു. മുസ്ലിം കുട്ടികൾക്ക് ലഭിച്ചിരുന്ന 80 എണ്ണവും 80 രൂപയും അങ്ങിനെത്തന്നെ നിലനിർത്തുക. 42% ക്രൈസ്തവ വിദ്യാർത്ഥികൾക്ക് നൽകണമെന്ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി പാലിക്കാൻ അതേ സമുദായത്തിലെ 22 കുട്ടികൾക്ക് കൂടി സ്കോളർഷിപ്പ് നൽകാൻ സർക്കാർ 22 രൂപ കൂടി അധികമായി അനുവദിക്കുകയും ചെയ്യുക.
ഇക്കാലമത്രയും ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് നൽകിയിരുന്ന 100 രൂപയിൽ, മുസ്ലിo വിഭാഗത്തിൽ കിട്ടിക്കൊണ്ടിരുന്ന കുട്ടികളുടെ എണ്ണത്തിലും ലഭിച്ചുകൊണ്ടിരുന്ന 80 രൂപയിലും ഒരു കുറവും വരുത്താതെ ഇതിലേക്കായി നീക്കിവെച്ച സംഖ്യയോടൊപ്പം മുസ്ലിമേതര ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കൂടുതൽ നൽകാൻ ആവശ്യമായി വരുന്ന 22 രൂപ അധികമായി സർക്കാർ അനുവദിക്കുകയാണല്ലോ ചെയ്തത്. ഇതെങ്ങിനെയാണ് മുസ്ലിം വിരുദ്ധമാവുക?
കോടതി പറഞ്ഞതിനെ തുടർന്ന് നിലവിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പായ നൂറ് രൂപ 58:42 അനുപാതമാക്കി മുസ്ലിം സമുദായത്തിന് ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന സംഖ്യയിലോ എണ്ണത്തിലോ യാതൊരു കുറവും സർക്കാർ വരുത്തിയിട്ടില്ല. ഇതിനപ്പുറം സ്വീകാര്യമായ ഒരു വഴി ആർക്കെങ്കിലും ചൂണ്ടിക്കാണിച്ചു തരാൻ കഴിയുമോ?
ഹൈക്കോടതി വിധി പരിശോധിച്ചപ്പോൾ അതിനെതിരെ അപ്പീൽ പോയാൽ വലിയ കാര്യമുണ്ടാവില്ലെന്നാകണം ഗവൺമെൻ്റിന് കിട്ടിയ നിയമോപദേശം. ഇടതുപക്ഷ സർക്കാറിനെതിരെ ഉറഞ്ഞുതുള്ളുന്നവരാരും നേരത്തെ കേസിൽ കക്ഷിചേരാതിരുന്നത് എന്ത് കൊണ്ടാണെന്ന് കൂടി വ്യക്തമാക്കുന്നത് ഉചിതമാവില്ലേ?
ഒന്നേ പറയാനുള്ളൂ; വിവിധ മതസമുദായങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ വേണ്ടതെന്തോ അതിനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. അല്ലാതെ കലക്കുവെള്ളത്തിൽ മീൻ പിടിക്കാനും തീപ്പൊരി വിതറി ആളിക്കത്തിക്കാനുമല്ല. അവനവൻ ഇരിക്കുന്ന കൊമ്പ് ജമാഅത്തെ ഇസ്ലാമിയുടെ ദുർബോധനത്തിൽ പെട്ട് ലീഗ് സ്വയം മുറിച്ച് താഴെ വീഴാതെ നോക്കിയാൽ അവർക്കു നന്ന്.