താന്തോന്നി തുരുത്ത് സ്വദേശി പ്രസന്ന 2015 ലാണ് വായ്പയെടുത്ത് കട തുടങ്ങിയത്. മൂന്നര ലക്ഷം രൂപയാണ് വായ്പയെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെ നോക്കിയിരുന്നത് ഈ കടയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരുന്നു. നാല് ദിവസം മുമ്പാണ് വാടക കുടിശിക നൽകാത്തതിനെത്തുടർന്ന് കട അടപ്പിച്ചത്.
പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവും മൂലം ഏറെക്കാലം കട പ്രവര്‍ത്തിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതര്‍ കട ഒഴിപ്പിക്കാനെത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിടുകയായിരുന്നു. സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കുമെന്ന് ജിസിഡിഎ ചെയര്‍മാൻ വ്യക്തമാക്കി.
2015 മുതൽ വാടക അടയ്ക്കുന്നതിൽ പ്രസന്ന കുമാരി പലതവണ വീഴ്ച വരുത്തിയിരുന്നുവെന്നാണ് ജിസിഡിഎ പറയുന്നത്. പലതവണ നോട്ടീസ് നൽകിയ ശേഷമാണ് നടപടിയെടുത്തതെന്നും ജിസിഡിഎ വ്യക്തമാക്കി.
സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎൽഎ ടിജെ വിനോദ് വിഷയത്തിൽ ഇടപെട്ടു. തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രശ്നത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഇടപെടൽ. നാളെത്തന്നെ തുക മുഴുവൻ ജിസിഡിഎ ഓഫീസിൽ അടയ്ക്കുമെന്ന് യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്.