തൃശൂര്> കുതിരാനിലെ തുരങ്ക നിര്മാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്ക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവര്ത്തനങ്ങള് മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്. കുതിരാനിലെ തുരങ്ക നിര്മാണ പുരോഗതി വിലയിരുത്താന് സന്ദര്ശനം നടത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടര് ഹരിത വി കുമാര്, നിര്മാണ ചുമതലയുള്ള ഉദ്യോഗസ്ഥര് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
തുരങ്കത്തിന്റെ പണികള് വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില് സര്ക്കാര് പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥര് കാര്യങ്ങള് വിലയിരുത്തുന്നുണ്ട്. തുരങ്കം തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കലക്ടറുടെ നേതൃത്വത്തില് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തുരങ്ക നിര്മാണത്തില് അപാകതകള് ഉണ്ടെന്ന് തോന്നുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായാണ് ഓരോ പ്രവര്ത്തനങ്ങളും മുന്നോട്ടു പോയിട്ടുള്ളത്. തുരങ്കത്തിലെ ഡ്രൈനേജ് സംവിധാനം, ഫയര് ആന്റ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങള് എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
തുരങ്കത്തിന്റെ നിര്മാണ പുരോഗതിയുടെ ഭാഗമായി തുരങ്കത്തിന് മുകളിലുള്ള മരങ്ങള്, പാറകള് എന്നിവ സുരക്ഷിതമാക്കും. വനം വകുപ്പിന്റെ അനുമതിയോടെ തന്നെ അവിടെ ഭീഷണിയായി നില്ക്കുന്ന രണ്ട് മരങ്ങള് മുറിയ്ക്കാന് ധാരണയായിട്ടുണ്ട്. മുകളില് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.
കുതിരാന് തുറക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു പാലിക്കുന്നതില് ലംഘനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്പില് എല്ലാ കാര്യങ്ങളും അവതരിപ്പിച്ചാണ് നിര്മാണം പുരോഗമിക്കുന്നത്. തുരങ്ക പ്രവൃത്തികളില് സ്ഥലമേറ്റെടുക്കലിന്റെ ആവശ്യം ഇനിയുണ്ടെങ്കില് കലക്ടര് രേഖാമൂലം കത്തുനല്കിയാല് സര്ക്കാര് അതു പരിഗണിക്കുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
തുരങ്കത്തിന്റെ ഫയര് ആന്റ് സേഫ്റ്റി പ്രവര്ത്തനങ്ങളും ഡ്രൈനേജ് സംവിധാനത്തിന്റെ പ്രവര്ത്തനങ്ങളും റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും നേരിട്ട് വിലയിരുത്തി.
പാണഞ്ചേരി പഞ്ചായത്തംഗങ്ങള്, റവന്യൂ വകുപ്പ്, വനം വകുപ്പ്, ഫയര് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര് തുടങ്ങിയവരും സന്നിഹിതരായിരുന്നു.