കൊല്ലം> പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത രണ്ടു മനുഷ്യർ. രക്ഷാപ്രവർത്തനത്തിനിടെ ശ്വാസംകിട്ടാതെ കുഴഞ്ഞുവീണ സഹപ്രവർത്തകന്റെ ഛർദി കുടിച്ചിറക്കേണ്ടി വന്നിട്ടും കൃത്രിമശ്വാസം മുറിയാതെ നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന സഹജീവി സ്നേഹത്തിന്റെ പേരാണ് എബിൻ. അഗ്നിരക്ഷാസേനാ വിഭാഗത്തിന്റെ അഭിമാനം ആകാശത്തോളം ഉയർത്തിയ എബിൻ മറ്റൊരു സേനാംഗമായ വർണീനാഥിന് പകർന്നു നൽകിയത് ജീവവായു മാത്രമല്ല; രണ്ടാംജന്മം കൂടിയാണ്.
കുണ്ടറ പെരുമ്പുഴയിൽ കിണറ്റിൽ നാലു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണ വർണീനാഥിനെ കരയിലേക്കെത്തിക്കുമ്പോൾ ബോധമില്ലായിരുന്നു. മുഖവും ശരീരവും നീലിക്കുകയും ചുണ്ടും പല്ലും തമ്മിൽ കൊരുക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽപ്പെട്ടവരിൽ ആദ്യയാളിനെ പുറത്തെടുത്തശേഷം വിശ്രമിക്കുകയായിരുന്ന എബിൻ ഉടൻ വർണീനാഥിന് കൃത്രിമശ്വാസം നൽകി. ആംബുലൻസിൽ വച്ചും വായകൊണ്ട് ശ്വാസം നൽകുന്നതിനിടയിലാണ് വർണീനാഥ് ഛർദിച്ചത്. ‘അപ്പോൾ അത് കുടിച്ചിറക്കുകയല്ലാതെ മാർഗമില്ലായിരുന്നു. ശ്വാസം നൽകുന്നത് തുടർന്നുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായിരുന്നു ശ്രമം. കൃത്രിമശ്വാസം നൽകിയതാണ് വർണീനാഥിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നു പറഞ്ഞ് ഡോക്ടർ അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷം തോന്നി’–- എബിൻ പറഞ്ഞു. എന്നാൽ ഈ രക്ഷപ്പെടലിന്റെ കഥ വർണീനാഥിലൂടെയാണ് പുറത്തറിഞ്ഞത്.
അഗ്നിരക്ഷാ സേനയുടെ കുണ്ടറ യൂണിറ്റിലെ ഫയർമാനായ എബിൻ കടപ്പാക്കട യൂണിറ്റിലെ വർണീനാഥിനെ അപകടസ്ഥലത്തുവച്ചാണ് ആദ്യമായി കാണുന്നത്. നീരാവിൽ സ്വദേശിയാണ് എബിൻ. നേരത്തേ ഇരിങ്ങാലക്കുടയിൽ ജോലിചെയ്യവേ രക്ഷാപ്രവർത്തനത്തെക്കുറിച്ച് സ്കൂളുകളിലും മറ്റും ക്ലാസെടുത്തിരുന്നു. ഭാര്യ: ജാസ്മിൻ.
കിണറ്റിൽ ചെളിയിൽ പൂണ്ടുകിടന്ന മൃതദേഹം വലയ്ക്കുള്ളിലേക്ക് കയറ്റുമ്പോൾത്തന്നെ കാഴ്ച മങ്ങുന്നതായും ശരീരം കുഴയുന്നതായും തോന്നിയതായി വർണീനാഥ് പറഞ്ഞു. എന്നാലും ദൗത്യം പൂർത്തിയാക്കി ബഹളം വച്ചാണ് കരയിലുള്ളവർക്ക് അപായസൂചന നൽകിയത്. പാരിപ്പള്ളി സ്വദേശിയാണ് വർണീനാഥ്. ഭാര്യ: ലക്ഷ്മി. മകൾ: സാവിത്രി.