മൂന്നാര്> മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്ക്ക് ഇനി സിംഹവാലന് കുരങ്ങിനെയും കാണാം. ആദ്യമായാണ് മൂന്നാര് മേഖലയില് സിംഹവാലന് കുരങ്ങുകള് വിരുന്നെത്തിയത്. രാജമലയ്ക്ക് സമീപമുള്ള എട്ടാം മൈലിലെ വനമേഖലയിലാണ് പത്തോളം സിംഹവാലന് കുരങ്ങുകളെ വന്യജീവി ഫോട്ടോഗ്രാഫറായ രാജാക്കാട് സ്വദേശി ബാബു തോമസ് ക്യാമറയില് പകര്ത്തിയത്.
പുലി, കടുവ, കാട്ടാന, കാട്ടുപോത്ത്, വരയാട് തുടങ്ങിയ വന്യമൃഗങ്ങള്ക്കൊപ്പം സിംഹവാലന് കുരങ്ങുകള്കൂടി എത്തിയതോടെ കാഴ്ചയുടെ വൈവിധ്യമായി.
സംസ്ഥാനത്ത് തേക്കടി, സൈലന്റ്വാലി എന്നിവടങ്ങളില് മാത്രമാണ് ഈ ഇനത്തില്പ്പെട്ട കുരങ്ങുകളുള്ളത്. തമിഴ്നാട്ടിലെ വാല്പ്പാറയിലാണ് ഏറ്റവുമധികം സിംഹവാലന് കുരങ്ങുകളുള്ളത്. വാല്പ്പാറയോട് ചേര്ന്നുകിടക്കുന്ന ഇടമലക്കുടി വഴിയാകാം ഇവ മൂന്നാറിലെത്തിയതെന്ന് വനപാലകര് പറഞ്ഞു.