കൊച്ചി
കേരള-–-ജപ്പാൻ വ്യവസായ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് നിർണായകമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്തോ ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരളം (ഇൻജാക്) ആസ്ഥാനമായ കളമശേരിയിലെ നിപ്പോൺ കേരള സന്ദർശിച്ച് വ്യവസായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാൻ മേള, കൊച്ചിയിൽ ജപ്പാൻ ബിസിനസ് ക്ലസ്റ്റർ രൂപീകരണം, വിവിധ വ്യവസായ കൂടിക്കാഴ്ചകൾ എന്നിവയിൽ ഇൻജാക്കിന് സർക്കാർ പിന്തുണ നൽകും. ഷിപ്പിങ്, ടൂറിസം തുടങ്ങി വിവിധ വ്യവസായങ്ങളിൽ ബിസിനസ് ക്ലസ്റ്റർ രൂപീകരണത്തിൽ ശ്രദ്ധിക്കും. വ്യവസായങ്ങളെ സഹായിക്കുന്നതിന് കൊച്ചിയിൽ ജപ്പാൻ ക്ലസ്റ്റർ രൂപീകരിക്കാൻ ഇൻജാക്കുമായി സഹകരിക്കാൻ കിൻഫ്രയോട് ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ 2019ൽ ജപ്പാൻ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെങ്കിലും കോവിഡുമൂലമാണ് തുടർനടപടിയിൽ തടസ്സമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
ജപ്പാൻ മേള പുനരാരംഭിക്കാൻ മന്ത്രി ഇൻജാക്കിനോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ സഹായം വാഗ്ദാനം ചെയ്തു. വരുംആഴ്ചകളിൽ മന്ത്രി ജാപ്പനീസ് സർക്കാരിന്റെ പ്രതിനിധികളുമായും കേരളത്തിലെ ബിസിനസുകാരുമായും സംസാരിക്കും. കൊച്ചി കപ്പൽശാല ചെയർമാനും എംഡിയുമായ ഇൻജാക് പ്രസിഡന്റ് മധു എസ് നായരും ഇൻജാക്കിന്റെ മറ്റു പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. ഇൻജാക് സെക്രട്ടറി സി എ ജേക്കബ് കോവൂർ, അലുമ്നി സൊസൈറ്റി ഓഫ് അസോസിയേഷൻ ഫോർ ഓവർസീസ് ടെക്നിക്കൽ സ്കോളർഷിപ് (എഎസ്എ കേരളം) പ്രസിഡന്റ് ഇ വി ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.