തിരുവനന്തപുരം
വനിതാ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിന് വൻ പ്രതികരണം. മഹാമാരിയിലും സ്റ്റാർട്ടപ്പിൽ വൻ കുതിപ്പുണ്ടായതിനു പിന്നാലെ കൂടുതൽ വനിതകളെ ആകർഷിക്കാനായി സർക്കാർ ആരംഭിച്ച പദ്ധതിയിൽ നിരവധി അപേക്ഷയാണ് എത്തുന്നത്. 2900 സ്റ്റാർട്ടപ് കേരളത്തിലുണ്ട്. ഇതിൽ 256 എണ്ണം മാത്രമാണ് വനിതകളുടെ സംരംഭം. അവസരമുണ്ടായിട്ടും വനിതകൾക്ക് മുന്നേറാനാകാത്ത പ്രശ്നം പരിഹരിക്കാനാണ് സർക്കാർ പദ്ധതി ആരംഭിച്ചത്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വനിതകളുടെ എല്ലാ സ്റ്റാർട്ടപ്പുകൾക്കും ഇളവ് പ്രഖ്യാപിച്ചു. സൗജന്യങ്ങൾകൂടാതെ ‘ഇൻക്യുബേഷൻ’ ഉൾപ്പെടെ വിവിധ പദ്ധതിയിൽ ഗ്രാൻഡും ആറ് ശതമാനം പലിശയ്ക്ക് വായ്പയും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്യുഎം മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ പറഞ്ഞു.
ഇതിനിടെ, മഹാമാരിയിലും 10 വർഷത്തിലെ ഏറ്റവും വലിയ വളർച്ച സ്റ്റാർട്ടപ്പുകൾ നേടി. 18 സ്റ്റാർട്ടപ് ആറ് മാസത്തിനിടെ 842.67 കോടി രൂപയുടെ വർധനയുണ്ടാക്കി. ഭൂരിപക്ഷം സംരംഭങ്ങളും ഈ കാലഘട്ടത്തിലും ലാഭകരമാണ്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ കൈയയഞ്ഞ് സഹായിച്ചതിനും വൻ പ്രതികരണമുണ്ടായി. ഇരുനൂറിനടുത്ത് ഹെൽത്ത് സ്റ്റാർട്ടപ് തുടങ്ങി. അഞ്ചുകോടി രൂപവരെ ഗ്രാൻഡായി നൽകി. മാസ്ക് വിതരണയന്ത്രം, എൻ 95 മാസ്ക് നിർമാണം, ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ട് എന്നിങ്ങനെ സ്റ്റാർട്ടപ്പുകൾ വന്നു.