തുടർച്ചയായ രണ്ട് ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറായി ഒരു മലയാളി ഉണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുകാരൻ എസ് എസ് നാരായൻ എന്ന ഒളിമ്പ്യൻ ബാബു. 1956 മെൽബണിലും 1960 റോം ഒളിമ്പിക്സിലുമാണ് ഇന്ത്യൻകുപ്പായം അണിഞ്ഞത്. ഇപ്പോൾ 87 വയസ്സ്. മകൻ മുരളിക്കൊപ്പം മുംബൈ താനെയിലാണ് താമസം.
ഉഷാറിന് ഒരു കുറവുമില്ല. യൂറോ കപ്പിലെയും കോപ അമേരിക്കയിലെയും ചില കളികൾ കണ്ടു. ഇഷ്ട ടീം ജർമനിയായിരുന്നു. അവർക്ക് മുന്നേറാനായില്ലെന്ന സങ്കടംമാത്രം. വാർധക്യസഹജമായ ബുദ്ധിമുട്ടുകളുണ്ട്. പോരാത്തതിന് കോവിഡ് കാലവും. അതിനാൽ പുറത്തിറങ്ങുന്നില്ല. പീറ്റർ തങ്കരാജിനൊപ്പം ബാറിനുകീഴിൽ തിളങ്ങിയ ഗോൾകീപ്പറാണ്. 1956ലെ ഒളിമ്പിക്സിൽ ഇന്ത്യ നാലാംസ്ഥാനം നേടി. ആദ്യത്തെയും അവസാനത്തെയും മികച്ച നേട്ടം. 11 രാജ്യങ്ങൾ അണിനിരന്ന ഒളിമ്പിക് ഫുട്ബോളിൽ ആദ്യറൗണ്ടിൽ ബൈ കിട്ടി. രണ്ടാമത്തെ കളിയിൽ ഓസ്ട്രേലിയയെ 4––2ന് തോൽപ്പിച്ചു. സെമിയിൽ യുഗോസ്ലാവിയയോട് 4–-1ന് തോറ്റു. മൂന്നാംസ്ഥാനത്തിനുള്ള മത്സരത്തിൽ ബൾഗേറിയയോട് പരാജയപ്പെട്ടു. അന്ന് ഗോൾവല കാത്ത നാരായന് പ്രായം 22. 1960ൽ ഇന്ത്യ ഹംഗറിയോട് 2––1ന് തോറ്റാണ് തുടക്കം. ഫ്രാൻസിനെ 1-–-1ന് സമനിലയിൽ തളച്ചു. ഒടുവിൽ പെറുവിനോട് 3–-1ന് തോറ്റു. 1956 മുതൽ ’64 വരെ ദേശീയകുപ്പായത്തിൽ തിളങ്ങി. ’58ൽ ടോക്യോയിൽ നടന്ന ഏഷ്യൻ ഗെയിംസ്, 1959ലും ’64ലും നടന്ന ഏഷ്യ കപ്പ്, കോലാലംപൂരിലെ മെർദേക്ക ഫുട്ബോൾ എന്നിവയിൽ ഇന്ത്യക്കായി കളിച്ചു.
1955 മുതൽ ’64 വരെ ബോംബെ, മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്നു. ’63ൽ ചെന്നൈയിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഒറ്റഗോളും വഴങ്ങാതെ ജേതാക്കളായത് റെക്കോഡാണ്. 15 വർഷത്തോളം മുംബൈ കാൾട്ടക്സ്, ടാറ്റാ സ്പോർട്സ് ക്ലബ് എന്നിവയ്ക്കായി കളിച്ചു. ഫുട്ബോളിനൊപ്പം ബാസ്കറ്റ്ബോളും ഹരമായിരുന്നു. മഹാരാഷ്ട്ര ടീമിനായി ദേശീയ ചാമ്പ്യൻഷിപ്പിൽ അണിനിരന്നു. 30 വർഷത്തോളം ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ഭാരവാഹിയും സെലക്ടറും സംഘാടകനുമായിരുന്നു.
അച്ഛനൊപ്പം കുട്ടിക്കാലത്തുതന്നെ ബോംബെയിലെത്തിയ (ഇന്നത്തെ മുംബൈ) നാരായന്റെ വിദ്യാഭ്യാസവും അവിടെയായിരുന്നു. മാട്ടുംഗ സ്റ്റുഡന്റ്സ് ക്ലബ്, ഇന്ത്യൻ ജിംഖാന, മാട്ടുംഗ അത്ലറ്റിക് ക്ലബ് എന്നിവയിലൂടെയാണ് വളർച്ച. അപ്പോഴേക്കും കാൾട്ടക്സ് ക്ലബ്ബിലേക്കും ഇന്ത്യൻ ടീമിലേക്കും വിളിവന്നു. 1958 മുതൽ ’70 വരെ ടാറ്റാ സ്പോർട്സ് ക്ലബ് താരമായിരുന്നു. ’72ൽ കളിക്കളത്തിൽനിന്ന് വിരമിച്ചു. പിന്നീട് പരിശീലകനായും സെലക്ടറായും തിളങ്ങി.
2016ലാണ് ഒടുവിൽ കേരളത്തിൽ വന്നത്. ഒറ്റപ്പാലത്തെ ബന്ധുക്കളെല്ലാം മുംബൈയിലേക്ക് ചേക്കേറി. ഭാര്യ പാർവതി മൂന്നുവർഷംമുമ്പ് മരിച്ചു. മകൾ ലക്ഷ്മിയും മകൻ സുബ്രഹ്മണ്യവും (മുരളി) മുംബൈയിലുണ്ട്. മറ്റൊരു മകൾ ജാനകി അമേരിക്കയിലാണ്. ഒളിമ്പിക്സ് ഓരോ കായികതാരത്തിന്റെയും സ്വപ്നമാണെന്ന് നാരായൻ പറഞ്ഞു. ‘ഇഷ്ടപ്പെട്ട കളിയിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത് അതിവിശിഷ്ടമായ കാര്യമാണ്. ലോകത്തെ ഏറ്റവും മികച്ചവരാണ് അണിനിരക്കുക. അവിടെ എത്താൻ കിട്ടുന്ന ഏതവസരവും അമൂല്യമാണ്. അത് ആസ്വദിച്ചുമുന്നേറുക’.